മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായിയായ ഭര്‍ത്താവ് രാജ് കുന്ദ്രയെ പൊലീസിന് മുന്നില്‍ ന്യായീകരിച്ച് നടി ശില്‍പ ഷെട്ടി. ഹോട്‌ഷോട്ട് എന്ന മൊബൈല്‍ ആപ് വഴി കുന്ദ്ര വില്‍പന നടത്തിയ വിഡിയോകള്‍ വികാരങ്ങളെ ഉണര്‍ത്തുന്നവ മാത്രമാണെന്നും നീലച്ചിത്രത്തിന്‍റെ പരിധിയില്‍ പെടുത്താവതല്ലെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ ഉദ്ധരിക്കുന്നു.
വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായവ തന്നെയാണ് തന്‍റെ ഭര്‍ത്താവും നിര്‍മിച്ചതെന്നും അവയാണ് പലപ്പോഴും ഈ വിഡിയോകളെക്കാള്‍ അശ്ലീലമെന്നും അവര്‍ മൊഴി നല്‍കി. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി വിശദമായി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
നീലച്ചിത്ര നിര്‍മാണത്തിലെ പങ്ക് നടിയും നിഷേധിച്ചിട്ടുണ്ട്. നേരത്തെ രാജ് കുന്ദ്രയും പൊലീസ് വാദം തള്ളിയിരുന്നു. ലണ്ടനിലുള്ള ബന്ധു പ്രദീപ് ബക്ഷിയാണ് ഇതിനു പിന്നിലെന്നും വാട്‌സാപ് വഴിയുള്ള സംഭാഷണം മാത്രമായിരുന്നു ബന്ധുവുമായി തനിക്കുള്ളതെന്നുമായിരുന്നു കുന്ദ്രയുടെ വിശദീകരണം. ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
‘എല്ലാ വിഷയങ്ങളും രാജ് കുന്ദ്ര നേരിട്ട് കൈകാര്യംചെയ്‌തെന്നതിന് തെളിവുകളുണ്ട്. പേരിനു മാത്രമായിരുന്നു ലണ്ടനിലെ ബന്ധു ഉടമയായത്’- പൊലീസ് പറഞ്ഞു.
അതേ സമയം, ശില്‍പ ഷെട്ടിക്ക് ഇതുമായി നേരിട്ട് ബന്ധം ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. 2020ല്‍ വിയാന്‍ എന്ന സ്ഥാപനത്തില്‍നിന്ന് വിട്ടതിനെ കുറിച്ചും പൊലീസ് ചോദ്യം ചെയ്തു.
ആദ്യം ശില്‍പയെ ഒറ്റക്ക് ചോദ്യം ചെയ്ത പൊലീസ് പിന്നീട് കുന്ദ്രയെ കൂട്ടി ഇരുത്തിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ജുഹുവിലെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
അശ്ലീല വിഡിയോ നിര്‍മാണത്തില്‍ കുന്ദ്രക്ക് പങ്കില്ലെന്ന് ശില്‍പ മൊഴി നല്‍കിയതായാണ് സൂചന. ഹോട്‌ഷോട്ട് വിഡിയോകളിലെ ഉള്ളടക്കത്തെ കുറിച്ച് കുന്ദ്രക്ക് അറിവില്ലായിരുന്നുവെന്നും അവര്‍ പൊലീസിനോട് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നീലച്ചിത്ര നിര്‍മാണ കേസില്‍ ഇതുവരെ കുന്ദ്രയും സഹായിയുമടക്കം 10 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. കുന്ദ്രയാണ് പ്രധാന ഗൂഢാലോചകനും പങ്കാളിയുമെന്ന് മുംബൈ പൊലീസ് കമീഷണര്‍ ഹേമന്ദ് നഗ്രാലേ പറഞ്ഞു. 100ലേറെ നീലച്ചിത്രങ്ങള്‍ ഹോട്‌ഷോട്‌സ് ആപില്‍ അപ്‌ലോഡ് ചെയ്ത് വില്‍പന നടത്തിയതായാണ് കണ്ടെത്തല്‍. 20 ലക്ഷം പേരാണ് ഇതിന്‍റെ വരിക്കാര്‍.
കഴിഞ്ഞ ദിവസം വിയാന്‍ കമ്പനി ഓഫീസില്‍നിന്ന് പിടിച്ചെടുത്ത സെര്‍വറിലും ഇലക്‌ട്രോണിക് ഉപകരണങ്ങളിലുമുണ്ടായിരുന്ന വിവരങ്ങള്‍ പൂര്‍ണമായി മായ്ച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.