തിരുവനന്തപുരം: നടി ശരണ്യ ശശി (33) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 11 തവണയോളം ഇതിനായി സര്‍ജറിക്ക് വിധേയയായിരുന്നു. കോവിഡ് ബാധിച്ച് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയില്‍നിന്ന് മുക്തയായ ശരണ്യ വീട്ടില്‍ തിരിച്ചെത്തി. പിന്നീട് രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.
സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.
കണ്ണൂരിലെ ജവഹര്‍ലാല്‍ നവോദയ വിദ്യാലയത്തിലായിരുന്നു പഠനം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലിറ്ററേച്ചറില്‍ ബിരുദവും നേടിയിട്ടുണ്ട്. സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 2012ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷം പത്തോളം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു.
ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി ഭാരവും വര്‍ദ്ധിച്ചതോടെ ശരണ്യ അഭിനയം നിര്‍ത്തി. ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു.
സഹോദരങ്ങള്‍ ശരണ്‍, ശോണിമ. അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ഒപ്പമുണ്ടായിരുന്നത്. നടി സീമാ ജി നായരാണ് ശരണ്യയുടെ ജീവിതത്തില്‍ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി.
സീമ ജി നായരുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയും മറ്റ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ സഹായിച്ച് സ്‌നേഹസീമ എന്നൊരു വീട് ശരണ്യ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു.