അന്തരിച്ച പ്രശസ്ത ബോളിവുഡ നടിയുടെ അറുപതാം ജന്മവാര്‍ഷികം ഇന്നലെ ആയിരുന്നു (തിങ്കള്‍). 2018 ഫെബ്രുവരി 24ന് രാത്രി 11.30 നായിരുന്നു ശ്രീദേവി ദുബായില്‍ മരിച്ചത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണ സമയത്ത് സമീപത്തുണ്ടായിരുന്നു.
ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെര്‍വയുടെ റാസല്‍ഖൈമയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 2018 ഫെബ്രുവരി 22നായിരുന്നു ശ്രീദേവിയും കുടുംബവും യുഎഇയിലെത്തിയത്. ഇവര്‍ താമസിച്ചിരുന്ന ദുബായ് ജുമൈറ എമിറേറ്റ്‌സ് ടവറിലെ കുളിമുറിയിലെ ബാത് ടബ്ബില്‍ 25ന് ശ്രീദേവിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് മൃതദേഹം ദുബായ് പൊലീസ് ഹെഡ് ക്വാര്‍ടേഴ്‌സ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഫോറന്‍സിക് റിപോര്‍ട്ട് പ്രകാരം ബാത് ടബ്ബില്‍ മുങ്ങിമരിച്ചതാണെന്നും ഇത് അപകടമായിരുന്നുവെന്നും വ്യക്തമാക്കി. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറില്‍ നിന്ന് ബര്‍ദുബായ് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു. മരണത്തില്‍ ദുരൂഹത നിലനിന്നതിനാല്‍ അന്ന് പ്രോസിക്യൂഷനില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാന്‍ വൈകുകയുമുണ്ടായി.
എന്നാല്‍, മരണത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും ദുബായ് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. ഫൊറന്‍സിക് റിപോര്‍ട്ടില്‍ പറയുന്നത് പോലെ ശ്രീദേവിയുടെത് ബോധം നഷ്ടപ്പെട്ടശേഷം അബദ്ധത്തിലുണ്ടായ മുങ്ങിമരണമാണെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുകയും പ്രത്യേക വിമാനത്തില്‍ 27ന് നാട്ടിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലായിരുന്നു ബോളിവുഡിന്റെ പ്രിയതാരത്തെ സംസ്‌കരിച്ചത്.
അസ്വാഭാവിക മരണം, മരിച്ചയാളുടെ പ്രശസ്തി തുടങ്ങിയ ഘടകങ്ങള്‍ തുടരന്വേഷണത്തെ പ്രസക്തമാക്കുന്ന കാര്യങ്ങള്‍ ആയിരുന്നു. ഇത്തരം കേസുകളില്‍ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം ഉറപ്പുവരുത്തുന്ന രാജ്യമാണു യുഎഇ.
ശ്രീദേവിക്ക് ദുബായ് പ്രിയ നഗരമായിരുന്നു. ഷോപ്പിങ്ങിന് ഏറെ ഇഷ്ടപ്പെട്ടിരുന്ന നാട്. സഹോദരിയുടെ സാന്നിധ്യവും അതിന് കാരണമായി. ഇടയ്ക്കിടെ സ്വകാര്യമായി നടി കുടുംബ സമേതം ദുബായിലെത്താറുണ്ടായിരുന്നു.