മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്‌നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധം. തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.
സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്.ആര്‍. ചക്രവര്‍ത്തി ആവശ്യപ്പെട്ടു. കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്‌നാടിന്റെ താല്‍പര്യത്തിനെതിരാണെന്ന് എംഎല്‍എ വേല്‍മുരുകനും പറഞ്ഞു.
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടു.
125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നുമാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നതിനു ന്യായീകരണം ഇല്ലെന്നും രാഷ്ട്രീയവും കാരണങ്ങള്‍ മാറ്റിവച്ച് ഇക്കാര്യത്തില്‍ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിതെന്നും പൃഥ്വിരാജ് പറയുന്നു.