പി.പി ചെറിയാന്‍
നിയമസഭ ഹാളിലെ കമ്പ്യൂട്ടറും സില്‍വര്‍ ലൈന്‍ സര്‍വ്വേ കുറ്റികളും പിഴുതെറിയുന്നവരെ നിങ്ങള്‍ക്കു ഹാ കഷ്ട്ടം. നിങ്ങള്‍ ഇരുവരും ഒരേ പോലെ വികസന വിരോധികളാണെന്നു ആരെങ്കിലും വിശേഷിപ്പിച്ചാല്‍ ആര്‍ക്കെങ്കിലും അവരെ കുറ്റം പറയാനാകുമോ..? ഈ രണ്ടു വിഷയങ്ങളും തമ്മില്‍ എന്താണ് ബന്ധം എന്നു ന്യായമായും ചിന്തികുന്നവരും ഉണ്ടാകാം.
ഇരിപ്പിടങ്ങള്‍ മറിച്ചിടുകയും കംപ്യൂര്‍ പിഴുതെറിയുകയും മേശകളില്‍ കയറി താണ്ഡവ ന്രത്തം ചെയുകയും ചെയ്ത നിയമസഭാ സാമാജികരെ ഒരിക്കലും വികസന വിരോധികളെന്നു വിശേഷിപ്പിക്കാനാകില്ല .ഇടതു പക്ഷം ചെയ്തത് ഒരു സത്കര്മമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ജനദ്രോഹ കടശ്ശിബഡ്ജറ്റ് , അഴിമതി വീരനെന്നും കൈക്കൂലി വിദഗദ്ധനെന്നും ഇടതുപക്ഷം അടച്ചാക്ഷേപിക്കുകയും വിളിച്ചു കൂക്കുകയും ചെയ്ത കെ.എം മാണി സാര്‍ (ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ കണ്ണിലുണ്ണിയായ ജൊസ് കെ മാണിയുടെ പിതാവ്) അവതരിപ്പിച്ചതിലുള്ള പ്രതിഷേധം ജനാധിപത്യ രീതിയില്‍ പ്രകടിപ്പിച്ചു ബഡ്ജറ്റ് കോപ്പികള്‍ വലിച്ചു കീറുക മാത്രമാണ് ചെയ്തത്.
ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരാകുമെന്നു വിശ്വസിച്ചു നിയമസഭയിലേക്കു തിരഞ്ഞെടുത്തു അയക്കപെട്ടവര്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ചേംബറില്‍ പ്രവേശിച്ചു നികുതിദായകരുടെ പണം ഉപയോഗിച്ചു വാങ്ങിയ വിലപിടിച്ച മനോഹരമായ ഇരിപ്പിടങ്ങളും, കമ്പ്യൂട്ടറും പിഴുതെടുത്തു നശിപ്പിച്ചത് ടെലിവിഷനിലൂടെ മാലോകര്‍ മുഴുവന്‍ കണ്ടു തലകുനിച്ചെങ്കിലും അടുത്തനടന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ അതിനെ പൂര്‍ണമായും ശരിവെക്കുന്നതും, അംഗീകരികുന്നതുമായിരുന്നു ഓണകിറ്റുകൊണ്ടും സൗജന്യ റേഷന്‍ കൊണ്ടും മൂക്കുമുട്ടെ അരിയാഹാരം കഴിച്ചു എല്ലാം മറന്ന കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ വന്‍ ഭൂരിപക്ഷത്തോടെയുള്ള തിരെഞ്ഞെടുപ്പ് വിജയം.
പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു രഹസ്യം കൂടി ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട് . അന്നത്തെ പ്രതിഷേധത്തിനു ചുക്കാന്‍ പിടിച്ച സര്‍വ കാലാവല്ലഭനും ബഹുമാന്യനുമായ വ്യക്തിയെത്തന്നെ തിരഞ്ഞു പിടിച്ചു കേരളത്തിന്റെ ഭാവിതലമുറയെ അതേ മാതൃകയില്‍ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സരസ്വതീക്ഷേത്രങ്ങളുടെ ഭരണ ചുമതല വഹിക്കുന്ന വകുപ്പ് ഏല്പിച്ചുവെന്നതാണ്.
കേരളത്തിലെ ‘സാധാരണക്കാരായ യാത്രക്കാര്‍’ വളരെ നാളുകളായി മനസ്സില്‍ താലോലിച്ചു കൊണ്ടുനടന്നിരുന്ന സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതിയെ അട്ടിമറിക്കാന്‍ വലതു പക്ഷം ഭീകരവാദികളുടെ പിന്തുണയോടെ കുറ്റികള്‍ പിഴുതെറിഞ്ഞാല്‍ അവരെ ദേശദ്രോഹകുറ്റം ചുമത്തി ജയിലടക്കണമെന്നു കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തു ‘എന്നെ രക്ഷിക്കണേ’ എന്ന് നിലവിളിച്ച ഒരു മന്ത്രി പറഞ്ഞത് എത്ര സത്യമാണ്. എന്ത് തോന്നിവാസമാണ് പ്രതിഷേധക്കാര്‍ കാണിക്കുന്നത്. എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ ഒരു ലക്ഷം കോടി രൂപ ചിലവഴിച്ചു 2050 ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതിയാണിത്.
ട്രാന്‍സ്പോര്‍ട് ബസ്സുകളുടെയും, ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന തീവണ്ടികളുടെയും സ്ഥാനം സില്‍വര്‍ ലൈന്‍ ട്രെയിന്‍ തട്ടിയെടുക്കുന്നത് ഇക്കൂട്ടര്‍ക്കു സഹിക്കുന്നില്ല. ഇത് യാഥാര്‍ഥ്യമായാല്‍ കേരള ജനതയുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ലഭിക്കുന്ന നിവേദനങ്ങളുമായി കേരളത്തിന്റെ ഒരറ്റത്തുനിന്നും ജനപ്രതിനിധികള്‍ക്ക് നാലോ അഞ്ചോ മണിക്കൂറുകൊണ്ട് സൗജന്യമായി യാത്ര ചെയ്തു തലസ്ഥാനത്തെത്താന്‍ കഴിയുമെന്നതു ഇവര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു.
ഇന്ത്യന്‍ സ്വതന്ത്ര സമരകാലത്തു ബ്രിട്ടീഷ് തോക്കുകളില്‍ നിന്നും ചീറി പാഞ്ഞു വന്ന വെടിയുണ്ടകള്‍ വിരിമാറില്‍ ഏറ്റുവാങ്ങി വീര മൃത്യു വരച്ചവരായിരുന്നു നമ്മുടെ സ്വതന്ത്ര സമരസേനാനികള്‍. അതെ ആവേശം ഉള്‍കൊണ്ടുതന്നെയാണ് പാവപ്പെട്ടവന്റെ അടുക്കളയിലും കിടപ്പുമുറികളിലും അടിച്ചിറക്കുന്ന മൈല്‍ കുറ്റികളെ നമ്മുടെ അമ്മമാരും സഹോദരിമാരും സ്വാഗതം ചെയ്യുന്നത്.
ഇതിനെതിരെ സമരം ചെയ്യുന്നവരെ ഒന്നുകൂടെ ഓര്‍മിപ്പിക്കട്ടെ . നിങ്ങള്‍ ഇന്ന് വാങ്ങിക്കൂട്ടുന്ന തല്ലും ജയിലും ജലപീരംഗികളും നാളെ ഒരു പക്ഷേ നിങ്ങളെ റെയില്‍വേ മന്ത്രി പദവിയിലേക്കു ഉയര്‍ത്തിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
നമ്മുടെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ വെച്ച് മുഖ്യന് നല്‍കിയ ഉറപ്പും , റെയില്‍വേ മന്ത്രി രാജ്യസഭയില്‍ ചെയ്ത പ്രസംഗവും കൂ
ട്ടിവായിക്കുമ്പോള്‍ രാഷ്ടീയക്കാരുടെ ഭാഷയില്‍ പറഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക് സില്‍വര്‍ ലൈനിന്റെ ഭാവിയെ കുറിച്ചുള്ള വിവരം പിടികിട്ടിയിട്ടുണ്ട്…
കേരള മുഖ്യമന്ത്രി കീ ജയ്, വികസന വിരുദ്ധര്‍ മൂര്‍ദാബാദ്…