എ.എസ് ശ്രീകുമാര്‍
കേരളത്തില്‍ തലമൂത്ത രാഷ്ട്രീയ നേതാക്കളെ മൃഗങ്ങളോടുപമിക്കുന്ന പരമ്പരാഗത രീതിയുണ്ട്. ‘വയലാര്‍ സിംഹം’, ‘കണ്ണൂര്‍ പുലി’ തുടങ്ങിയ വിശേഷണങ്ങള്‍ അത്തരത്തിലുള്ളതാണ്. തങ്ങളുടെ നേതാക്കന്മാര്‍ വീരശൂരപരാക്രമികളാണെന്ന് തെളിയിച്ച് നെഞ്ച് വിരിക്കാനാണ് ഈ മൃഗശക്തി ലേബലുകള്‍ അവരുടെ നെറ്റിയില്‍ ചാര്‍ത്തിക്കൊടുക്കുന്നത്.
അതുപോലെ ദൈവം സൃഷ്ടിച്ച് ഭൂമിയിലേക്ക് വിട്ടതിനേക്കാള്‍ കൂടുതല്‍ അവയവങ്ങള്‍ നേതാക്കള്‍ക്ക് ഉണ്ടെന്ന തരത്തിലും അവര്‍ക്ക് ഓമനപ്പേരുകള്‍ ഇടാറുണ്ട്. ‘ഇരട്ടച്ചങ്കന്‍’, ‘നൂറ് നാവുള്ളവന്‍’, ‘പാര്‍ട്ടിയുടെ മൂന്നാം കണ്ണ്’ എന്നിവയും വീരസ്യം പറച്ചിലിന്റെ ഭാഗമാണ്. ഈ പ്രതിഭാസത്തെ ജനാധിപത്യ ബോധം, രാഷ്ട്രീയ പ്രബുദ്ധത എന്നൊക്കെ വിളിച്ച് നിസ്സഹായരായ അണികള്‍ കൊടി വീശി ഞെളിയാറുമുണ്ട്.
ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കന്‍ ആണെങ്കില്‍ കെ.പി.സി.സിയുടെ പുതിയ അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നൂറ് നാവുള്ള വ്യക്തിയാണ്. പിണറായിക്ക് 76 വയസ്സും, സുധാകരന് 73 വയസ്സും ഉണ്ട്. പ്രായത്തിന്റെ പത്വത ഇരുവരും നന്നായി പ്രകടിപ്പിക്കുന്നുമുണ്ട്.
ആ ഉശിരന്‍ പക്വതാപ്രകടനം കഴിഞ്ഞ ദിവസം 50 വര്‍ഷം പിന്നിലേക്ക് പാഞ്ഞു പോയി. ഇരുവരും തലശ്ശേരി ബ്രണ്ണന്‍ കോളേജിന്റെ ഈടുറ്റ സംഭാവനകളാണ്. യുവത്വത്തിന്റെ പ്രസരിപ്പില്‍ പിണറായിയും സുധാകരനും ബ്രണ്ണന്‍ കോളേജിന്റെ കാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തലയ്ക്കു പിടിച്ച് പഠിപ്പും സമരവും പാര്‍ട്ടിപ്പരിപാടിയും പിരിവും ഒക്കെയായി വിലസുന്ന കാലം.
ഇന്നത്തെ എസ്.എഫ്.ഐയുടെ പഴയ കാലരൂപമായ കെ.എസ്.എഫിന്റെ ‘ചങ്ക് ബ്രോ’യാണ് പിണറായി എങ്കില്‍ കെ.എസ്.യുവിന്റെ ‘മരണ മാസ്സാ’ണ് സുധാകരന്‍. ഒരു ദിവസം പതിവു പോലെ ക്യാമ്പസില്‍ രണ്ടു വിഭാഗക്കാരും തമ്മില്‍ കൂട്ടയടി നടക്കുകയാണ്. ഈ സമയം പിണറായി വിജയന്‍ അവിടെയെത്തി. പെട്ടെന്ന് സുധാകരന്‍ പിണറായിയുടെ നെഞ്ചില്‍ ചവിട്ടുകയും അദ്ദേഹം നിലത്തു വീഴുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖ സംഭാഷണത്തിലാണ് സുധാകരന്‍ തന്റെ വീരകഥ പുറത്തുവിട്ടത്. കോളേജില്‍ ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപ്പിടിച്ച വാളിന്റെയും നടുവിലൂടെ നടന്നിട്ടുള്ള ആളാണ് പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികള്‍ ചൊറിയുമ്പോള്‍ ഇക്കാര്യം പിണറായി വിജയന്‍ ആവര്‍ത്തിക്കാറുണ്ട്. സുധാകരന്റെ ചവിട്ടിവീഴ്ത്തല്‍ പരാമര്‍ശത്തില്‍ പിണറായി ഉള്ളാലെ ചിരിച്ചു. സുധാകരന്‍ സ്വപ്നാടനത്തിലാണെന്നാണ് പിണറായി പരിഹസിച്ചത്.
സുധാകരനെ വസ്ത്രാക്ഷേപം ചെയ്ത സംഭവവും പിണറായി മറന്നിട്ടില്ല. വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ ബ്രണ്ണന്‍ കോളേജില്‍ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കരിങ്കൊടി കാട്ടിയും ചെരിപ്പ് വലിച്ചെറിഞ്ഞും യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ച ഉദാത്ത പാരമ്പര്യവും സുധാകരന് സ്വന്തമാണത്രേ.
അന്ന് സുധാകരന്റെ വസ്ത്രമഴിച്ച് ക്യാമ്പസിലൂടെ നടത്തിയെന്നാണ് പിണറായി വിജയന്‍ അവകാശപ്പെടുന്നത്. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ അന്ന് ആക്ടീവായിരുന്നെങ്കില്‍ ആ മനോഹര ദൃശ്യങ്ങള്‍ അനേക ലക്ഷം ലൈക്കും ഷെയറും കൊണ്ട് വൈറലാകുമായിരുന്നു.
50 കൊല്ലം മുമ്പ് രൂപപ്പെട്ട പകയും കൊണ്ടാണ് സുധാകരന്‍ ഇപ്പോള്‍ നടക്കുന്നത്. അതും കൃത്യമായ അജണ്ടയോടെ. ഹൈക്കമാന്‍ഡിന്റെ മാത്രം കനിവില്‍ കിട്ടിയതാണ് സുധാകരന് കെ.പി.സി.സി പ്രസിഡന്റിന്റെ കസേര. ഒരു രാത്രി അങ്ങ് ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി വി.ഡി സതീശനെ വിളിച്ച് പ്രതിപക്ഷ നേതാവിന്റെ കസേര കൊടുത്തപോലെയാണ് സുധാകരനും അപ്രതീക്ഷിതമായി നറുക്കു വീണത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെയൊക്കെ മനസ്സില്‍ തീകോരിയിട്ടിട്ടാണ് സതീശനും സുധാകരനും കാര്യപ്പെട്ട രണ്ട് കസേരകള്‍ സ്വന്തമാക്കിയത്.
സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ട ഉമ്മന്‍ ചാണ്ടിയും രമേശും ഇപ്പോള്‍ വെറും എം.എല്‍.എമാരാണ്. എ.ഐ ഗ്രൂപ്പുകള്‍ കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ നിയന്ത്രണച്ചരടുകള്‍ വി.ഡി സതീശന്‍, കെ. സുധാകരന്‍, കെ.സി വേണുഗോപാല്‍ എന്നിവരുടെ കൈകളിലേക്ക് എത്തിയതോടെ പരമ്പരാഗത ഗ്രൂപ്പുകള്‍ പട്ടിണിയിലായി.
പോരാത്തതിന് കോവിഡും. ഈ ദുരവസ്ഥയില്‍ വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ സുധാകരന്‍ ആവും വിധം ശ്രമിക്കുന്നതിന്റെ ഭാഗമാണ് ബ്രണ്ണന്‍ കോളേജിലെ ചവിട്ടുനാടകം.
പിണറായിയും സുധാകരനും പഠിച്ചതും പയറ്റിത്തെളിഞ്ഞതും കണ്ണൂരില്‍ നിന്നാണ്. പിണറായി തുടര്‍ച്ചയായി രണ്ടാം വട്ടവും കേരളത്തിന്റെ മുഖ്യമന്ത്രിയായി. സുധാകരന്‍ എം.പി സ്ഥാനത്തിരുന്നുകൊണ്ട് കെ.പി.സി.സി പ്രസിഡന്റായി. എങ്കിലും പിണറായിക്ക് ഒത്ത എതിരാളിയാണ് താന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള വേലകളിയാണ് സുധാകരന്‍ നടത്തുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പിണറായിയുടെ കൊടും ശത്രുവാണ് സുധാകരന്‍. എന്നാല്‍ ഇരട്ടച്ചങ്കിന്റെ മുന്നില്‍ ഡബിള്‍ നാവ് എത്രനാള്‍ വിളയാടുമെന്ന് കണ്ടറിയണം.
സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷ ചുമതല ഏറ്റ ഉടന്‍ തന്നെ ഇന്ദിരാഭവന്റെ പുരപ്പുറം തൂക്കാന്‍ തുടങ്ങി. ശക്തി ക്ഷയിച്ചെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഇതൊന്നും അത്ര രസിക്കുന്നുമില്ല. സുധാകനെ അവരോധിച്ചത് സോണിയാജിയും രാഹുലും ആയതിനാല്‍ കേരളത്തിലെ സ്ഥിരം കുറ്റികള്‍ക്ക് അറുത്തുമുറിച്ചൊന്നും പറയാനും പറ്റുന്നില്ല.
എന്നാല്‍ സുധാകരന്റെ ലീലാവിലാസങ്ങള്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ഏറെ സന്തോഷിപ്പിച്ചിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘികളോട് മൃദുസമീപനം പുലര്‍ത്തുന്ന നേതാവാണ് സുധാകരന്‍. കണ്ണൂരില്‍ സംഘികളും സി.പി.എമ്മും വെട്ടിയും കുത്തിയും ചോരപ്പുഴയൊഴുക്കുമ്പോള്‍ കാവിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സുധാകരന് വലിയ താത്പര്യമുണ്ടായിരുന്നു. ഇക്കാരണത്താല്‍ സുധാകരനെ ബി.ജെ.പിയുടെ ബി ടീം ക്യാപ്റ്റനായാണ് സി.പി.എം കാണുന്നത്.
പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയതായ സുധാകരന്റെ ആരോപണത്തെ ”തീക്കട്ടയില്‍ ഉറുമ്പരിക്കുമോ” എന്ന ചോദ്യമുയര്‍ത്തിയാണ് സി.പി.എം നേരിടുന്നത്. എന്നാല്‍ ബ്രണ്ണന്‍ കോളേജില്‍ പിണറായിയുടെയും സുധാകരന്റെയും കാലത്തുണ്ടായിരുന്ന കെ.എസ്.യു നേതാവും നിലവില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന എക്‌സിക്യൂട്ടൂവ് അംഗവുമായ മമ്പറം ദിവാകരന്റെ നിലപാടാണ് സുധാകരന് ഏറ്റത്. അദ്ദേഹം സുധാകരന്റെ വീമ്പുപറച്ചിലുകളെല്ലാം തള്ളി രംഗത്തുവന്നു. സുധാകരന്‍ പിണറായിയുടെ നെഞ്ചത്ത് ചവുട്ടിയ കഥ താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് മമ്പറം പറഞ്ഞതോടെ സുധാകരവാദത്തിന്റെ മുനയൊടിഞ്ഞു.
ഇതിനേക്കാളൊക്കെ ഗൗരവമുള്ള മറ്റൊരു കാര്യം 13 വര്‍ഷം മുമ്പ് പിണറായി വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പക മൂത്ത് തന്റെ രണ്ട് പെണ്‍ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ട കാര്യമാണത്. അന്ന് മനോരമ ന്യൂസിനോട് പിണറായി പറഞ്ഞതിങ്ങനെ…
”എന്റെ ഒരു സുഹൃത്ത് എന്നോട് വന്ന് പറയുകയാണ്. നിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താന്‍ ഇടയുണ്ട്. അവര് യു.പി സ്‌കൂളിലും എല്‍.പി സ്‌കൂളിലുമൊക്കെയായി പഠിക്കുന്ന സമയമാണ്. അപായപ്പെടുത്താനിടയുണ്ട്. അത് സൂക്ഷമമായി അറിയാവുന്ന ഒരാള്‍ വന്ന് പറയുകയാണ്. എന്ത് ചെയ്യും ഞാന്‍..? അത് പോലെയുള്ള ഘട്ടങ്ങള്‍ കടന്നുവന്നവനാണ് ഞാന്‍…”
കിഡ്‌നാപ്പറുടെ പേര് പിണറായി വിജയന്‍ വെളിപ്പെടുത്തിയില്ലെങ്കിലും കക്ഷി ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്തുകൊണ്ട് അന്ന് ഇക്കാര്യം പോലീസിനെ അറിയിച്ചില്ല എന്ന് സുധാകരന്‍ ചോദിച്ചാല്‍ മറുപടി പറയാന്‍ സി.പി.എമ്മുകാര്‍ക്ക് ഒട്ടും അമാന്തമില്ല.
”സുധാകരനെ പേടി ഉണ്ടെങ്കിലല്ലേ പരാതി കൊടുക്കേണ്ടതുള്ളൂ…”
ഇടിവെട്ട് തടിവെട്ട്
ഒന്നാം പിണറായി സര്‍ക്കാരില്‍ സി.പി.ഐ ഭരിച്ച വനം, റവന്യൂ വകുപ്പുകളില്‍ നിന്നുള്ള ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അനധികൃത മരംമുറി നടന്നതെന്നാണ് പാര്‍ട്ടിയുടെ ശത്രുക്കളായ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ പറയുന്നത്. ബൂര്‍ഷ്വാ ആരോപണമായതിനാല്‍ അതു മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ല.
”കാട്ടിലെ മരം…കൂപ്പിന്റെ ക്രെയിന്‍…മുറിയെടാ മുറി…”