Thursday, December 19, 2024

HomeColumnsകഠിനാധ്വാനം ചെയ്യുക, ജീവനെ അമൃതാക്കുക (ചിന്താജാലകം-3)

കഠിനാധ്വാനം ചെയ്യുക, ജീവനെ അമൃതാക്കുക (ചിന്താജാലകം-3)

spot_img
spot_img

ജോയ്‌സ് തോന്ന്യാമല

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാണക്യന്റെ ആറ് നിരീക്ഷണങ്ങള്‍ ജീവിത വിജയത്തിന്റെ, ബിസിനസ് നേട്ടങ്ങളുടെ അടിസ്ഥാന ശിലകളാണെന്ന വിഷയമാണ് ‘നേര്‍കാഴ്ച’ ന്യൂസിന്റെ ലക്കങ്ങളില്‍ നാം ചര്‍ച്ച ചെയ്യുന്നത്. അതില്‍ രണ്ടാമത്തേതാണ് ‘വിജയത്തിന്റെ രഹസ്യം വിയര്‍പ്പാണ്. അതിനു വേണ്ടതോ കഠിനാദ്ധ്വാനവും…’ എന്ന തത്വം.

ഭാവിയിലെന്നെങ്കിലും നമ്മുടെ ബിസിനസ് തകര്‍ന്ന് പോയാല്‍ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങി കഠിനാധ്വാനം ചെയ്ത് പൂര്‍വ സ്ഥിതിയിലെത്തിക്കാനുള്ള മനസ് സ്വായത്തമാക്കേണ്ടതുണ്ട്. അതിന്റെ രഹസ്യം വിയര്‍പ്പ് തന്നെ. തല വിയര്‍ത്തും ശരീരം വിയര്‍ത്തും മനസ് വിയര്‍ത്തും പണിയെടുത്താല്‍ ജീവിത വിജയം സുനിശ്ചിതം.

ഇപ്പോള്‍ ‘ഹാര്‍ഡ്’ വര്‍ക്കല്ല ‘സ്മാര്‍ട്ട്’ വര്‍ക്കാണ് കേമമെന്ന് വാദിക്കുന്നവരുണ്ട്. ഹാര്‍ഡ് വര്‍ക്കും സ്മാര്‍ട്ട് വര്‍ക്കും ചെയ്യുന്ന രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മല്‍സരമുണ്ടായെന്ന് വയ്ക്കുക. തീര്‍ച്ചയായും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നയാളായിരിക്കും മുന്നിലെത്തുക. ടാലന്റ് അല്ലെങ്കില്‍ പ്രതിഭ ഉണ്ടെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം. എന്നാല്‍ കഠിനാധ്വാനം ചെയ്യാത്തയാള്‍ക്ക് പ്രതിഭയുണ്ടായിട്ടും കാര്യമില്ലല്ലോ.

ചൈനീസ് തത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷ്യസ് ഒരിക്കല്‍ ഒരു ഗ്രാമസന്ദര്‍ശനത്തിനു പോയി. ഒരു തോട്ടത്തില്‍ വൃദ്ധനായ തോട്ടക്കാരനും മകനും ആഴമേറിയ കിണറില്‍ നിന്ന് വെള്ളം കോരുകയായിരുന്നു. മകന്റെ സഹായമുണ്ടെങ്കിലും വളരെ പ്രയാസപ്പെട്ടാണ് വൃദ്ധന്‍ ഇപ്രകാരം വെള്ളം കോരിക്കൊണ്ടിരുന്നത്. കിണറില്‍ നിന്ന് വെള്ളം കോരുന്നതിനു കുതിരകളെ ഉപയോഗിച്ചുള്ള സംവിധാനം ആ വൃദ്ധന് അറിയാതിരിക്കുമോ എന്ന് കണ്‍ഫ്യൂഷ്യസ് അതിശയിച്ചു. അദ്ദേഹം സ്വയമതു ചെയ്യുകയാണ്. അത്രയും പഴയ ഒരു സമ്പ്രദായം തുടരുകയാണ്. അതുകൊണ്ട് കണ്‍ഫ്യൂഷ്യസ് വൃദ്ധന്റെ അടുത്തെത്തി പറഞ്ഞു.

”എന്റെ സുഹൃത്തേ, ഒരു പുതിയ കണ്ടുപിടുത്തമുണ്ടായത് നിങ്ങള്‍ക്കറിയില്ലേ..? കുതിരകളെ ഉപയോഗിച്ച് ആഴക്കിണറില്‍ നിന്ന് വെള്ളം കോരാന്‍ കഴിയും. നിങ്ങള്‍ സ്വയം എന്തിനിത് ചെയ്യണം..?”

വൃദ്ധന്‍ പറഞ്ഞു: ”പതുക്കെപ്പറയൂ. വളരെ പതുക്കനെ പറയൂ…നിങ്ങള്‍ പറയുന്നതെനിക്കൊരു പ്രശ്‌നമല്ല. പക്ഷേ, എന്റെ യുവാവായ മകന്‍ ഇതു കേള്‍ക്കുമോ എന്നാണ് എന്റെ ഭയം..!”

കണ്‍ഫ്യൂഷ്യസ് ആശ്ചര്യത്തോടെ ചോദിച്ചു, ”നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്..?”

വൃദ്ധന്റെ മറുപടി ഇങ്ങനെ, ”ഈ കണ്ടുപിടുത്തങ്ങളെപ്പറ്റി ഞാനറിയും. ഇത്തരം എല്ലാ കണ്ടുപിടുത്തങ്ങളും മനുഷ്യനെ അവന്റെ കര്‍മത്തില്‍ നിന്ന് അകറ്റുന്നു. എന്റെ മകന്‍ അധ്വാനത്തില്‍ നിന്ന്, വേലയില്‍ നിന്ന് ബന്ധമറ്റവനായി മാറുന്നത് ഞാനിഷ്ടപ്പെടുന്നില്ല. കാരണം, ശാരീരികമായ തൊഴിലില്‍ നിന്ന്, കര്‍മത്തില്‍ നിന്ന് ബന്ധമറ്റുപോകുമ്പോള്‍ അവന് ജീവിതവുമായുള്ള ബന്ധം എന്നേക്കും നഷ്ടപ്പെട്ടുപോകുന്നു. പിന്നെ ജീവിതത്തിന് എന്തര്‍ത്ഥമാണുണ്ടാവുക..?” നമ്മുടെ ജീവിതവുമായി ഇല്ലാതാവുന്ന നേരിട്ടുള്ള ബന്ധം തന്റെ കര്‍മം വഴിയാണ് വീണ്ടെടുക്കുതെന്ന് മനസിലാക്കാന്‍ ഈ മറുപടി മാത്രം മതി.

മറ്റൊരു കാര്യം, നമ്മുടെ ജീവിതത്തില്‍ ചിന്തകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ളതാണ്. ചിതയില്‍ നിന്ന് നമുക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാം. ഫീനിക്‌സ് പക്ഷിയുടെ കഥ നമുക്കറിയാമല്ലോ. എന്നാല്‍ നമ്മുടെ ചിന്തകളില്‍ നിന്ന് മോചിതരാകാന്‍ വളരെ ബുദ്ധിമുട്ടാണ്. മനസ്സിനെ കീഴടക്കുന്നത് ദുഷിച്ച ചിന്തകളാണെങ്കില്‍ രക്ഷപ്പെടാന്‍ വലിയ പ്രയാസമാണ്. നമ്മള്‍ നിരൂപിക്കുന്നതു പോലെയാണ് നമ്മില്‍ ജീവന്‍ ഉണ്ടാകുന്നത്.

ജീവനെ അമൃതായും മൃത്യുവായും മാറ്റിയെടുക്കുവാന്‍ ഒരാള്‍ക്ക് കഴിയും. മൃത്യു അല്ലെങ്കില്‍ മരണം സ്വാഭാവികമായി നമ്മിലേക്ക് വന്നുചേരുന്ന സത്യമാണ്. പക്ഷേ, ജീവന്‍ അമൃതാക്കി മാറ്റണമെങ്കില്‍ കഠിനാദ്ധ്വാനം ചെയ്യണം. വിശ്രമമില്ലാതെ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ ജീവിതത്തെ അമൃതാക്കി മാറ്റാന്‍ സാധിക്കുകയുള്ളു.

ജീവിതത്തില്‍ നാമെല്ലാവരും ഒരുപോലെ സന്തോഷവാന്മാരോ സന്തോഷവതികളോ അല്ല. എല്ലാവര്‍ക്കും അവരവരുടേതായ ദുഖമുണ്ട്. സുഖദുഖ സമ്മിശ്രമാണ് ജീവിതം. ആ ജീവിതത്തെ എപ്രകാരം അമൃതാക്കി മാറ്റാമെന്നതാണ് സുപ്രധാനം. നിരാശയുടെ അഗാധ ഗര്‍ത്തങ്ങളല്‍ വീണ് എല്ലാം നശിച്ചുപോയ എത്രയോ പേരാണ് പിന്നീട് അത്ഭുതാവഹമായ തിരിച്ചുവരവിലൂടെ ജീവനെ അമൃതാക്കി മാറ്റി ജീവിത വിജയം കൈവരിച്ചിട്ടുള്ളത്. അവരുടെ കര്‍മവും സ്ഥിരോല്‍സാഹവും ഇച്ഛാശക്തിയും പിന്‍തലമുറകള്‍ക്ക് എന്നും പ്രചോദനമാണ്.

നമ്മുടെ പ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടും അതോര്‍ത്ത് വിലപിച്ചുകൊണ്ടും വെറുതെയിരിക്കുന്നതല്ല ജീവിതം. ദുരിതങ്ങളെ മറക്കുക, മനസിന് ശക്തിപകരുക. തന്റേടമുള്ള മനസ്സിന് മാത്രമേ ജീവിതത്തെ സുഗമമായി മുന്നോട്ടു നയിക്കാന്‍ കഴിയുകയുള്ളു. പോസിറ്റീവായ ചിന്തകള്‍ കൊണ്ടാണ് നമ്മുടെ മനസ്സ് നിറയ്‌ക്കേണ്ടത്. മനസ്സില്‍ അസ്വസ്ഥതകള്‍ നിറയുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനും മനസ്സിനെ പോസിറ്റീവായി എപ്പോഴും നിലനിര്‍ത്താനും ശ്രമിക്കേണ്ടതുണ്ട്.

നമ്മുടെ തൊട്ടു മുമ്പില്‍ കാണുന്നതെല്ലാം തകര്‍ന്നടിഞ്ഞു പോയി എന്നു കരുതുന്നതിലല്ല. മുന്നില്‍ കാണുന്നത് ഒരു പച്ച തുരുത്താണ്, ആ ഹരിതാഭയിലേക്കാണ് നമ്മുടെ ജീവിതത്തെ സ്വയം നയിക്കേണ്ടത്. അതു തന്നെയാണ് അസ്വസ്ഥതകളില്‍ നിന്നുള്ള മോചനമാര്‍ഗം. മനസ്സ് സ്വസ്ഥമാകുമ്പോള്‍ കര്‍മശേഷി വര്‍ധിക്കും. വിയര്‍പ്പൊഴുക്കി അധ്വാനിക്കുള്ള ആഗ്രഹം നാമ്പെടുക്കും. അങ്ങനെ നാം ജീവിതത്തില്‍ വിജയശ്രീലാളിതരാകും.

‘മഹത്തായ എല്ലാ കര്‍മങ്ങളും തുടക്കത്തില്‍ അസാധ്യമായി തോന്നുന്നു…” ബ്രീട്ടീഷ് ചരിത്രകാരനും തത്വചിന്തകനും ഗണിതസാസ്ത്രജ്ഞനുമായ തോമസ് കാര്‍ലൈല്‍ പറഞ്ഞിട്ടുണ്ട്. ഇത് കാര്‍ലൈല്‍ പറഞ്ഞിട്ട് സത്യമായതല്ല, സത്യമായതുകൊണ്ട് അദ്ദേഹം പറഞ്ഞതാണ്.

കുളത്തിനു നടുവിലേക്കൊരാള്‍ ഒരു കല്ലെറിയുന്നു. ഉടന്‍ അതിന്റെ ഓളങ്ങള്‍ കുളത്തിന്റെ കരവരെ പരക്കുന്നു, തുടര്‍ന്ന്, ആരുമറിയാതെ ഇതേ ഓളങ്ങള്‍ കല്ലുവീണ അതേ ഇടത്തേക്ക് തിരികെ വരുന്നു. ഒരാള്‍ ചെയ്യുന്ന ഏതു കര്‍മവും ഇതുപോലെ, നല്ലതു ചെയ്താല്‍ നല്ലത്, ചീത്ത ചെയ്താല്‍ അത് ഒരാളുടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. തള്ളപ്പശുവില്‍ നിന്നു വഴിതെറ്റി വേര്‍പിരിഞ്ഞ ഒരു പൈക്കുട്ടി എത്രയോ അകലെ നിന്ന്, അപരിചിതമായ വഴികള്‍ താണ്ടി അമ്മയുടെ അടുത്തേക്ക് തിരിച്ചുവരുന്നു. അതുപോലെ മനുഷ്യന്റെ കര്‍മങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നു.

”ബീ പോസിറ്റീവ്…”

അടുത്ത ലക്കത്തില്‍:

  • ഭയമുള്ള സാഹചര്യങ്ങളെ അവിടെയെത്തി നേരിടണം.
    (വ്യാഖ്യനം തുടരും)
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments