തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗ് നടത്തിയിരുന ആളെ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലഗ്രാം വഴിയും മികച്ച ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിംഗ് നടത്തി ഒന്നരക്കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചെന്നൈ തിരുവട്ടിയൂർ വിനായകപുരം സ്വദേശി തമീം അൻസാരി എം (21 ) നെ തിരുവട്ടിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
പ്രതിയെ ചെന്നൈ തിരുവട്ടിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ട്രാൻസിസ്റ്റ് വാറണ്ട് വാങ്ങി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു ട.പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും .
പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പ്രതികൾ മൊബൈൽ ആപ്ലിക്കേഷൻ, വാട്സ്ആപ് ,ടെലഗ്രാം എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയിട്ടുള്ളതും പ്രതികളുടെ നിർദ്ദേശപ്രകാരം ബാങ്ക് ട്രാൻസാക്ഷനിലൂടെ പരാതിക്കാരനിൽ നിന്നും 1.51 കോടി രൂപ തട്ടിച്ചെടുത്തിട്ടുള്ളതുമായി കണ്ടെത്തി.
സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ കേരളത്തിൽ നിന്നും നഷ്ടപ്പെടുന്ന തുക വിവിധ നാഷണലൈസ്ഡ് ബാങ്കുകളുടെ ബ്രാഞ്ചിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലഅക്കൗണ്ടിന്റെ ഉടമസ്ഥർ പണം കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും വില്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അക്കൗണ്ട് വിൽപ്പന നടത്തിയ ആളുകളെയും സ്വന്തം അക്കൗണ്ട് കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകിയ ആളുകളെയും ഈ കുറ്റകൃത്യത്തിൽ പ്രതികളാക്കിയിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വിജയ ഭാരത് റെഡ്ഡി ഐപിഎസ്, സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ ഷാനിഹാൻ എ ആർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ പി ബി, എസ്ഐ മാരായ ബിജുലാൽ കെ എൻ , ഷിബു എം , സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ എസ്. എന്നിവരെ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്