സാവോ പോളോ: ഈസ്റ്റർ മുട്ടകളിൽ വിഷം ചേർത്ത് മുൻ കാമുകന്റെ കുടുംബത്തിന് അയച്ച സംഭവത്തിൽ, ഏഴ് വയസ്സുകാരൻ മരിച്ചതിനെ തുടർന്ന് യുവതി അറസ്റ്റില്‍. ജോർഡേലിയ പെരേര ബാർബോസ(35)യെ ബ്രസീൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികാരം, അസൂയ എന്നിവയാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് അധികൃതർ ആരോപിച്ചു.
ജോർഡേലിയയുടെ മുൻ കാമുകന്റെ ഇപ്പോഴത്തെ പങ്കാളിയായ മിറിയൻ ലിറയ്ക്കാണ് മുട്ടകൾ ബുധനാഴ്ച ലഭിച്ചത്. ‘സ്നേഹത്തോടെ, മിറിയൻ ലിറയ്ക്ക്. സന്തോഷകരമായ ഈസ്റ്റർ ആശംസകൾ’ എന്നെഴുതിയ കുറിപ്പോടെ കുറിയർ വഴിയാണ് മുട്ടകൾ എത്തിയത്. ലിറ ഈ മുട്ടകൾ തന്റെ മക്കളുമായി പങ്കിട്ടു.
ലിറയുടെ മകൻ ലൂയിസ് ഫെർണാണ്ടോ റോച്ച സിൽവയ്ക്ക് (7) ഉടൻ തന്നെ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് മിറിയൻ ഉടൻതന്നെ കുട്ടിയെ ഇംപെറാട്രിസ് സിറ്റി ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ കുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള മിറിയൻ ലിറ (32), മകൾ എവ്‌ലിൻ ഫെർണാണ്ട (13) എന്നിവർ ഇപ്പോഴും ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
മുട്ടകളിൽ വിഷാംശം കലർന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. താമസസ്ഥലമായ സാന്താ ഇൻസിലേക്ക് പോവുകയായിരുന്ന ജോർഡേലിയ പെരേര ബാർബോസയെ പൊലീസ് ബസിൽ നിന്ന് അറസ്റ്റ് ചെയ്തു. മുടിക്ക് കറുത്ത നിറം നൽകുന്ന വിഗ്ഗും കറുത്ത കൂളിങ് ഗ്ലാസും ധരിച്ച് ചോക്ലേറ്റ് മുട്ടകൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. പ്രതി ഇംപെറാട്രിസിലെ ഹോട്ടലിൽ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ജോർഡേലിയ ചോക്ലേറ്റ് വാങ്ങിയതിന്റെ രസീതുകളും ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു.