ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍ നിന്ന് റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെയാണ് സസ്‌പെന്‍ഷന്‍. നോര്‍ത്തേണ്‍ റെയില്‍വേയില്‍ സീനിയര്‍ കമേഴ്‌സ്യല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സുശീല്‍ കുമാര്‍.
വടക്കന്‍ റെയില്‍വേയിലെ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജറായ കുമാറിനെ ഡല്‍ഹി സര്‍ക്കാര്‍ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) ഓഫീസറായി നിയമിച്ചിരുന്നു. കൊലക്കേസില്‍ ആരോപണമുയര്‍ന്നതോടെ സുശീല്‍കുമാറിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടിനല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു.
മെയ് നാലിനാണ് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വച്ച് സാഗര്‍ കൊല്ലപ്പെട്ടത്. വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് നടന്ന കൈയാങ്കളിക്കിടെയായിരുന്നു സംഭവം. ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി രണ്ടു തവണ മെഡല്‍ നേടിയയാളാണ് സുശീല്‍ കുമാര്‍.
മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ വെച്ച് തന്നോട് മോശമായി സംസാരിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് സാഗറിനെ സുശീല്‍ കുമാറും സംഘവും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോ നിര്‍മിക്കാന്‍ പ്രിന്‍സ് എന്നയാള്‍ക്ക് സുശീല്‍ കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നുവത്രെ. ഈ വീഡിയോ വൈറലായാല്‍ രണ്ട് തവണ ഒളിംബിക് ജേതാവായ തനോട് പിന്നീട് ആരും മോശമായി പെരുമാറില്ല എന്നാണ് ഇയാള്‍ പറഞ്ഞത് എന്നും ഡല്‍ഹി പോലീസ് പറഞ്ഞു.