ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയല്‍ ദുരഭിമാന കൊല. നൃത്തവും മോഡലിങ്ങും കരിയറായി തെരഞ്ഞെടുത്ത യുവതിയെ സഹോദരനാണ് വെടിവെച്ചു കൊന്നത്.
റെണാല ഖുര്‍ദ് ഒകാറ സ്വദേശിനി സിദ്രയാണ് (21) മരിച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് യുവതി പ്രാദേശിക വസ്ത്ര ബ്രാന്‍ഡിനായി മോഡലിങ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയറ്ററില്‍ നൃത്തം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
കുടുംബ പാരമ്പര്യത്തിന് എതിരാണെന്ന് പറഞ്ഞ് യുവതിയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നൃത്തവും മോഡലിങ്ങും തുടരാനായിരുന്നു യുവതിയുടെ തീരുമാനം. കഴിഞ്ഞദിവസം പെരുന്നാളിന് വീട്ടിലെത്തിയ യുവതിയുമായി രക്ഷിതാക്കളും സഹോദരന്‍ ഹംസയും വാക്കുതര്‍ക്കമായി.
പിന്നാലെ സഹോദരന്‍ യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സഹോദരനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫൈസലാബാദില്‍ നര്‍ത്തകിയായ 19 കാരിയെ മുന്‍ ഭര്‍ത്താവ് വെടിവെച്ചു കൊന്നിരുന്നു.