ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഷഹബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സഹില്‍ (20) എന്ന ആളാണ് പ്രതി. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.
ആക്രമണം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു.