മുസഫര്‍നഗര്‍: സാലഡ് വിളമ്പിയില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഷംലി ജില്ലയിലെ കാട്ടില്‍വച്ച് മുരളിസിങ് എന്നയാളെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു നല്‍കിയ ഭക്ഷണത്തോടൊപ്പം സാലഡ് നല്‍കാത്തതില്‍ പ്രകോപിതനായ പ്രതി ഭാര്യയെ അക്രമിക്കുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്.
ആക്രമണത്തില്‍ പ്രതിയുടെ കുത്തേറ്റ മകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് മുരളിസിങ് ഭാര്യയെ കൊലപ്പെടുത്തിയത്. മണ്‍വെട്ടി ഉപയോഗിച്ച് പ്രതി ഭാര്യയായ സുദേശിനെ ആക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ 20 വയസ്സുകാരനായ മകന്‍ അജയ്ക്കും ഗുരുതരമായി പരുക്കേറ്റു.
സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു മുരളി സിങ്ങിനെ പിടികൂടിയത്. മകന്‍ അജയ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.