കൊച്ചി: ഇന്റര്‍നാഷണല്‍ ക്രിമിനല്‍ രവി പൂജാരിയെ കടവന്ത്ര വെടിവയ്പ് കേസില്‍ കൊച്ചിയിലെത്തിച്ചു തെളിവെടുപ്പ് തുടങ്ങി. ബോളിവുഡ്, കോളിവുഡ് താരങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അധോലോക നായകരും ഉള്‍പ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ് പൂജാരി.
2018 ഡിസംബര്‍ 15 ന് കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ നടത്തിയ വെടിവയ്പ് കേസിലാണ് ബംഗളൂരു അഗ്രഹാര ജയിലില്‍ നിന്ന് കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയിലെത്തിച്ചത്.
അധോലോക ബന്ധമുള്ള പൂജാരിയില്‍ നിന്ന് നടി ലീന മരിയ പോള്‍ കോടിക്കണക്കിനു രൂപ തട്ടിയെടുത്തു എന്നാണ് ആരോപിക്കപ്പെടുന്നത്. കേരള പോലീസിലെ രണ്ട് ഉന്നതരും പ്രമുഖ ബിസിനസ്‌കാരും ഉള്‍പ്പെട്ടു നടത്തിയ ഇടപാടാണ് ഇതെന്നാണു രവി പൂജാരി പറയുന്നത്. ഇതിന്റെ സാധ്യതകളും സത്യാവസ്ഥയുമാണ് പോലീസ് ചികയുന്നത്.
മുംബൈയിലെ കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാ രാജന്റെ കൂട്ടാളിയായിരുന്നു ഒരുകാലത്ത് പൂജാരി. ഛോട്ടാ രാജന്റെ എതിര്‍ സംഘത്തില്‍പ്പെട്ട ബലാ സാള്‍ട്ടയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണിയാള്‍. തുടര്‍ന്നിങ്ങോട്ട് ഇരുനൂറിലധികം കുറ്റകൃത്യങ്ങളില്‍ പെട്ട് മുംബൈ, കര്‍ണാടക പോലീസിന്റെ നോട്ടപ്പുള്ളി ആയിരുന്നു. മുംബയില്‍ മാത്രം ഇരുനൂറോളം കേസുകളില്‍ പ്രതി.
അന്വേഷണത്തിനിടെ മലേഷ്യയിലേക്കു മുങ്ങിയ ഇയാളെ ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെത്തിച്ചത്. കര്‍ണാടകത്തില്‍ നടന്ന നൂറോളം കൊള്ള കൊലപാതക കേസുകളില്‍ വിചാരണ നേരിട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നതിനിടെയാണ് കടവന്ത്ര വെടിവയ്പ് കേസില്‍ കേരള പോലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.
ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ അധോലോക ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ലീന മരിയ പോളിന്റെ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്നുണ്ട്.