കൊച്ചി: തിരുവാണിയൂരില്‍ അമ്മ പാറമടയില്‍ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള ഉപയോഗശൂന്യമായ പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റച്ച് നാല്‍പ്പത് വയസുള്ള യുവതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. പ്രസവത്തെ തുടര്‍ന്ന് രക്തസ്രവം അവസാനിക്കാതിരുന്ന യുവതിയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്.
താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കല്ലിട്ട് കെട്ടിതാഴ്ത്തിയെന്നും ഇവര്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും സ്‌കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ പൊലീസ് മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.
നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തില്‍ ഇവരുടെ ഭര്‍ത്താവിന്റെ സഹായമുണ്ടായിരുന്നോ എന്നും അന്വേഷണം നടന്നുവരികയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 24 വയസുള്ള മൂത്തകുട്ടി അടക്കം നാലു മക്കളുടെ അമ്മയാണ് യുവതി.