കൊച്ചി: ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി പ്രസവിച്ച ഉടന്‍ നാണക്കേട് ഭയന്ന് കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്ന സംഭവം നമസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. നൊന്തു പെറ്റ ഒരമ്മയ്ക്ക് ഇത്രയും ക്രൂരത കാട്ടാനാവുമോയെന്ന് സംശയം. എന്നാല്‍ കൊടും ക്രൂരത നടത്തിയിട്ടും ഇവര്‍കക്ക് യാതൊരു കൂസലുമില്ല.
കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ ചോരക്കുഞ്ഞിന്റെ വായില്‍ തുണി തിരുകി ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലു കെട്ടി പാറമടയിലേക്കെറിഞ്ഞെന്നാണ് ഇവര്‍ അവസാനമായി നല്‍കിയിരിക്കുന്ന മൊഴി. ഗര്‍ഭിണി ആയതിലെ നാണക്കേട് ഓര്‍ത്താണ് ക്രൂരകൃത്യം നടത്തിയതെന്ന് 36 കാരിയായ ശാലിനി എന്ന ദയയില്ലാത്ത അമ്മ പൊലീസില്‍ മൊഴിനല്‍കി.
കൂലിപ്പണിക്കാരിയായ ശാലിനി വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെങ്കിലും മക്കള്‍ക്കൊപ്പം ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. ഭര്‍ത്താവുമായി നിരന്തരം കലഹത്തിലായിരുന്ന ഇവര്‍ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാറുമില്ലായിരുന്നു. ഇതിനിടയില്‍ ഗര്‍ഭിണിയായത് നാണക്കേടാകുമെന്ന് കരുതിയായിരുന്നു കൃത്യം നടത്തിയത്.
പ്രസവശേഷം രക്തസ്രാവം നിലയ്ക്കാത്തതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവും ആരോഗ്യപ്രവര്‍ത്തകരും എത്തിയപ്പോഴും ഇവര്‍ ആരും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.
വീട്ടിനുള്ളില്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് അവഗണിച്ച് പുത്തന്‍കുരിശ് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ ഇളയ മകനോട് വയറുവേദനയെന്നു പറഞ്ഞ് പുറത്തിറങ്ങിയ ശാലിനി വീടിനടുത്തുള്ള റബര്‍ തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി പ്രസവിച്ചു.
തുടര്‍ന്ന് പൊക്കിള്‍ ക്കൊടി മുറിച്ച് മാറ്റി കുഞ്ഞിന്റെ വായില്‍ തുണി തിരുകി രണ്ടു ഷര്‍ട്ടുകളില്‍ പൊതിഞ്ഞ് 500 മീറ്റര്‍ അകലെയുള്ള പാറമടയിലെത്തി. അതിന് ശേഷം കുഞ്ഞിന്റെ ദേഹത്ത് ഭാരമുള്ള കല്ല് വരിഞ്ഞു കെട്ടി മടയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പിന്നീട് ശാലിനി വീട്ടില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ട് മൂത്ത മകന്‍ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.
നവജാത ശിശു മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വെള്ളം ഉള്ളില്‍ ചെന്നാണ് മരണമെന്നു തെളിഞ്ഞത്. ശ്വാസകോശത്തില്‍ വെള്ളവും ചെളിയും കയറിയിട്ടുണ്ട്. മരിച്ച കുട്ടിയെ പാറമടയില്‍ കെട്ടിത്താഴ്ത്തി എന്നായിരുന്നു അമ്മ പോലീസിനോടു പറഞ്ഞിരുന്നത്.
എന്നാല്‍ പ്രസവിച്ച് ആറു മണിക്കൂറിനു ശേഷമാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. നേരത്തേ, അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. കൊലപാതകം തെളിഞ്ഞതോടെ കൊലക്കുറ്റത്തിനു കേസെടുത്തു. ചാപിള്ളയായതിനിലാണ് പാറമടയിലെറിഞ്ഞതെന്ന് ആദ്യം മൊഴി നല്‍കിയത്.
ഡോക്ടറില്‍ നിന്ന് വിവരമറിഞ്ഞ പൊലീസ് ശാലിനിയെ ആശുപത്രിയില്‍ നിന്നെത്തിച്ച് കുഞ്ഞിനെ എറിഞ്ഞ സ്ഥലം കണ്ടെത്തി. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. ചോരക്കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നിട്ടും കൂസലുമില്ലാതെയാണ് പൊലീസിനോട് ശാലിനി കാര്യങ്ങള്‍ വിശദീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു.
മരണപ്പെട്ട പിഞ്ചു കുഞ്ഞിനെ കൂടാതെ നാലുമക്കള്‍ വേറെയുമുണ്ട്. ഒരു മകള്‍ വിവാഹിതയുമാണ്. നവജാതശിശുവിനെ കൊന്നത് വഴിവിട്ട ജീവിതം പുറത്തറിയാതിരിക്കാനായിരുന്നു. പുത്തന്‍കുരിശ് പൊലീസ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ശാലിനിയെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.