കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന്റെ അക്കൗണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ കവര്‍ന്നതായി പരാതി. സഹോദരിയും കുടുംബവും ചേര്‍ന്ന് അക്കൗണ്ടിലുള്ള 508,000 രൂപ തട്ടിയെടുത്തതായാണ് പരാതി.
ഇതുസംബന്ധിച്ച് രാജപ്പന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചെറുവള്ളത്തില്‍ തളര്‍ന്ന കാലുമായി കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മാലിന്യ നിര്‍മ്മാജനത്തിലൂടെയാണ് രാജപ്പനെ ലോകം അറിയുന്നത്.
ഇദ്ദേഹത്തിന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകനും ആര്‍പ്പൂക്കര സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയെടുത്തത്. സഹോദരന്റെ സംരക്ഷണത്തിലാണ് രാജപ്പന്‍ താമസിക്കുന്നത്.
ഇരുകാലുകളും തളര്‍ന്ന രാജപ്പന്റെ ഉപജീവന മാര്‍ഗം കായലില്‍ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ വിറ്റുള്ള കാശാണ്. പ്രധാനമന്ത്രികൂടി പരാമര്‍ശിച്ചതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും രാജപ്പനെ തേടി സഹായങ്ങള്‍ ഒഴുകിയെത്തിയിരുന്നു.
തായ്‌വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡ് രാജപ്പന് ലഭിച്ചത് അടുത്ത ഇടയ്ക്കാണ്. പ്രശംസാ ഫലകവും 10000 ഡോളര്‍ (ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം. ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിക്കാന്‍ രാജപ്പന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു.
അംഗവൈകല്യം ഉള്ളതിനാല്‍ സഹോദരിയുടേയും കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാണ് രാജപ്പന്റേത്. പല സമയങ്ങളിലായി 21 ലക്ഷം രൂപ എത്തുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ബന്ധുക്കള്‍ പണം തട്ടിയെടുത്തത്.
കുമരകം: വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കള്‍ നീക്കം ചെയ്തുകൊണ്ട് പ്രകൃതി സംരക്ഷണത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ രാജപ്പന്‍ ചില്ലറക്കാരനല്ല. വേമ്പനാട് കായലിന്റെ സംരക്ഷകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം കുമരകം സ്വദേശി എന്‍.എസ് രാജപ്പനെ തേടിയെത്തിയത് തായ്‌വാന്‍ സര്‍ക്കാരിന്റെ ആദരമാണ്.
സമൂഹ മാധ്യമങ്ങളിലൂടെയാണ്, കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പനെ ലോകം അറിയുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്‌വാനില്‍ നിന്നു ലഭിച്ച പ്രശംസാപത്രത്തില്‍ പറയുന്നു.
രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹാം മാത്രമാണ് രാജപ്പനുള്ളത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലും രാജപ്പനെ പ്രശംസിച്ചിരുന്നു.
ലോകമറിഞ്ഞ രാജപ്പന്‍ ചേട്ടന് ചെറിയൊരു ആഗ്രഹമെന്നത് കുപ്പികള്‍ പെറുക്കാന്‍ വലിയൊരു വള്ളവും അന്തിയുറങ്ങാന്‍ ഒരു വീടും എന്നതായിരുന്നു. ബോബി ചാരിറ്റിബിള്‍ ട്രസ്റ്റ് പുതിയ വീടു വയ്ക്കുന്നതിനു സഹായം നല്‍കി. ബോബി ചെമ്മണൂര്‍ നേരിട്ട് എത്തിയാണു സഹായം നല്‍കിയത്. ബി.ജെ.പി. നേതാവ് പി.ആര്‍. ശിവശങ്കറിന്റെ പ്രവാസി സുഹൃത്ത് യന്ത്രം ഘടിപ്പിച്ച വള്ളം നല്‍കിയിരുന്നു.
കൂടാതെ വ്യക്തികളും സംഘടനകളും രാജപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാജപ്പന്‍ താമസിച്ചിരുന്നു വീട് 2018ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു. പിന്നീട് സഹോദരി വിലാസിനിയുടെ വീട്ടിലാണ് രാജപ്പന്‍ താമസിക്കുന്നത്.