കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ഭര്‍ത്താവില്‍ നിന്ന് സ്ത്രീധത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടതായി വിവരം. കൈതോട് സ്വദേശിനി വിസ്മയയാണ് (24) ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണ് നടന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണ്‍ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് പിതാവ് പറഞ്ഞു. സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞായിരുന്നു വിസ്മയെയ ആക്രമിക്കാന്‍ തുടങ്ങിയതെന്നും പിതാവ് വ്യക്തമാക്കുന്നു. സംഭവത്തില്‍ പ്രതി ഒളിവിലാണ്. ഇയാളെ പോലീസ് തിരയുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം നടന്നത്. വലിയ സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടന്നത്. സ്ത്രീധനമായി നല്‍കിയ പത്ത് ലക്ഷത്തിന്റെ കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് വിസ്മയയുടെ കുടുംബം പറയുന്നു. സ്ത്രീധനമായി ഒന്നും വേണ്ട എന്നാണ് കിരണ്‍ കുമാറും കുടുംബവും വിവാഹ വേളയില്‍ ആദ്യം പറഞ്ഞതത്രെ. സ്ത്രീ തന്നെ ധനമല്ലേ എന്നായിരുന്നുവത്രെ അവരുടെ ആദ്യ നിലപാട്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ നിലപാട് മാറ്റി.
പത്ത് ലക്ഷത്തിന്റെ കാര്‍ കൂടാതെ നൂറ് പവന്‍ സ്വര്‍ണം 1.25 ഏക്കര്‍ സ്ഥലം എന്നിവയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം കാര്‍ വേണ്ടെന്നും പകരം പണം മതിയെന്നുമായിരുന്നു കിരണിന്റെ ആവശ്യം. ഇക്കാര്യം വിസ്മയ പിതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ സിസിയിട്ട് വാങ്ങിയതാണെന്നും വില്‍ക്കാന്‍ കഴിയില്ലെന്നും പിതാവ് മകളോട് പറഞ്ഞു.
ഇക്കാര്യം പറഞ്ഞായിരുന്നു കിരണ്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചത്. കാര്‍ സിസിയിട്ട് വാങ്ങിയതാണെന്ന് അറിഞ്ഞതിന് ശേഷം ജനുവരി മാസത്തില്‍ രാത്രി ഒരു മണിയോടെ കിരണ്‍ മകളുമായി വീട്ടില്‍ വന്നിരുന്നെന്ന് പിതാവ് പറയുന്നു. അന്ന് വണ്ടി വീട്ടിലിട്ടു മകളെ അവിടെ വച്ച് അടിച്ചു. തടയാന്‍ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും മര്‍ദ്ദിച്ചു.
ഈ സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയെ കിരണ്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പിതാവ് പറയുന്നു. അന്ന് പരിശോധിച്ചപ്പോള്‍ കിരണ്‍ മദ്യപിച്ചിട്ടുണ്ടെന്നും അവിടുത്തെ സിഐ പറഞ്ഞതിന് അനുസരിച്ച് എഴുതി ഒപ്പിട്ട ശേഷമാണ് കിരണിനെ വിട്ടയച്ചത്. വിസ്മയയുടെ പിതാവ് പറഞ്ഞു.
ആ സംഭവത്തിന് ശേഷം വിസ്മയ കുറച്ച് ദിവസം സ്വന്തം വീട്ടിലായിരുന്നു. എന്നാല്‍ പരീക്ഷ അടുത്തതോടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നേരിടുന്ന പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വിസ്മയ ബന്ധുവിന്റെ വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.