കൊല്ലം: വിസ്മയ കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. പ്രതിയും ഭര്‍ത്താവുമായ കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. പോരുവഴിയിലെ സഹകരണ ബാങ്കില്‍ കിരണ്‍കുമാറിന്റെ സ്വന്തം പേരിലുള്ള ലോക്കറിലാണ് വിസ്മയയുടെ 80 പവന്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുള്ളത്.
ലോക്കര്‍ പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. പിന്നീട് തുറന്ന് പരിശോധിക്കാനാണ് തീരുമാനം. സഹോദരന്റെ വിവാഹസമയത്ത് അണിയാന്‍ ആഭരണങ്ങള്‍ വിസ്മയ ആവശ്യപ്പെട്ടെങ്കിലും കിരണ്‍ എടുത്തു നല്‍കിയിരുന്നില്ലെന്നും വിസ്മയയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും കാറും കേസില്‍ തൊണ്ടി മുതലാക്കാനാണ് പൊലീസിന്റെ തീരുമാനം.
പരമാവധി സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. വരും ദിവസങ്ങളില്‍ വിസ്മയയുടെ സുഹൃത്തുകളുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തും. റിമാന്‍ഡിലായ കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കും.
ചടയമംഗലം പൊലീസ് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കിയ മര്‍ദ്ദനക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം രേഖാമൂലം പരാതി നല്‍കും.