കൊല്ലം: വിസ്മയയുടെ ദുരൂഹമരണത്തില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനുവേണ്ടി ജാമ്യാപേക്ഷയുമായി അഡ്വ. ബി.എ ആളൂര്‍ ശാസ്താംകോട്ട കോടതിയില്‍ ഹാജരായി. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കിരണിന് ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂര്‍ കോടതിയില്‍ പറഞ്ഞു.
ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ വച്ച് അതിക്രൂരമായി കൊല്ലപ്പെട്ട സൗമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമി അടക്കം കോളിളക്കം സൃഷ്ടിക്കുന്ന പല കേസുകളിലും പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് നിയമസഹായവുമായി ആളൂര്‍ എത്താറുണ്ട്.
കിരണ്‍ സാധുവായ യുവാവാണെന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തതെന്നും ആളൂര്‍ വാദിച്ചു. അന്വേഷണം പാതിവഴിയിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. ഇപ്പോള്‍ ജാമ്യം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യ ഹര്‍ജിയില്‍ വിധി പറയാന്‍ കേസ് ഈ മാസം അഞ്ചിലേക്ക് മാറ്റി.
ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ തള്ളാനാണ് സാദ്ധ്യതയെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഇത്തരം കേസുകളില്‍ ജില്ലാ സെഷന്‍സ് കോടതികളാണ് പലപ്പോഴും ജാമ്യം അനുവദിക്കുന്നത്. ആളൂരിനോടൊപ്പം നിരവധി ജൂനിയര്‍ അഭിഭാഷകരും കിരണിന്റെ പിതാവും സഹോദരീ ഭര്‍ത്താവും കോടതിയില്‍ എത്തിയിരുന്നു.
വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യ ഹര്‍ജിയിലും ആവര്‍ത്തിച്ചത്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ മാത്രമാണ് കിരണിനു മേലുള്ളത്. കൊലപാതകം തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ജാമ്യം വേണമെന്നായിരുന്നു ആളൂരിന്റെ ആവശ്യം.
ഇതിനെ എല്ലാം എതിര്‍ത്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാനായര്‍ കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും, ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വാധിച്ചു. മൂന്ന് ദിവസത്തേക്കാണ് കോടതി കിരണിനെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ മൂന്നാം ദിവസത്തെ തെളിവെടുപ്പിനിടെയാണ് കിരണിന് കൊവിഡ് ബാധിച്ചത്.
ഇപ്പോള്‍ സബ് ജയിലില്‍ ക്വാറന്റയ്‌നിലാണ് കിരണ്‍. കൊവിഡ് മുക്തനായാല്‍ ഇയാളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തെളിവെടുപ്പ് നടപടികളും ചോദ്യചെയ്യലും അപ്പോഴാണ് പൂര്‍ത്തിയാകുക. വിസ്മയയുടെ മരണം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇനി പോലീസിന് മുന്നോട്ട് പോവാന്‍ ആവൂ.