Sunday, September 8, 2024

HomeCrimeലഹരി ഉപയോഗം: സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരെ ജയില്‍ വകുപ്പ്‌

ലഹരി ഉപയോഗം: സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരെ ജയില്‍ വകുപ്പ്‌

spot_img
spot_img

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരെ ജയില്‍ വകുപ്പ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സരിത്തിനും റമീസിനുമെതിരെയാണ് ജയില്‍ വകുപ്പ് രംഗത്തെത്തിയത്.

പ്രതികള്‍ ജയില്‍ നിയമം പാലിക്കുന്നില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും അധികൃതര്‍ പറയുന്നു. റമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അഞ്ചിന് ലഭിച്ചു. ജയില്‍ സൂപ്രണ്ട് എട്ടിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഇതിന് ശേഷമാണ് പ്രതികള്‍ ജയില്‍ അധികൃതര്‍ക്കെതിരെ തിരിഞ്ഞതെന്നും ജയില്‍ വകുപ്പ് പറയുന്നു.
റമീസ് ലഹരി ഉപയോഗിക്കുമ്പോള്‍ സരിത്ത് ഉദ്യോഗസ്ഥര്‍ വരുന്നുണ്ടോ എന്നറിയാനായി സെല്ലിന് മുന്നില്‍ കാവല്‍ നിന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍.ഐ.എ കോടതി, എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി എന്നിവയിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കെ.ടി റമീസിന് പാഴ്‌സല്‍ വന്നിരുന്നു. ജയിലില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത ചില സാധനങ്ങള്‍ പാഴ്‌സലില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് കൈമാറാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്ന് ജയില്‍ അധികൃതരുമായി വാക്കേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തുകേസില്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സരിത് കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് സരിത്തിനെ നേരിട്ട് ഹാജരാക്കാന്‍ എന്‍ഐഎ കോടതി ആവശ്യപ്പെട്ടു. കോടതി പ്രത്യേക സിറ്റിംഗ് നടത്തി സരിതിന്റെ മൊഴി രേഖപ്പെടുത്തും. അതിനിടെ, സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ നീക്കമുണ്ട്.

സരിത്ത് ഉള്‍പ്പെടെ കോഫെപോസ ചുമത്തിയ പ്രതികളെയാണ് മാറ്റുന്നത്. സുരക്ഷാ ഭീഷണി പരാതി കൂടി കണക്കിലെടുത്താണ് ജയില്‍ മാറ്റാന്‍ നീക്കം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments