കണ്ണൂര്‍: ജീവിതം തകര്‍ന്നെന്ന് രഗില്‍ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരന്‍ രാഹുല്‍. മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു മാനസയെ പരിചയപ്പെട്ടത്. മാനസ തള്ളിപ്പറഞ്ഞത് രഗിലിനെ ഏറെ വിഷമത്തിലാക്കി.
കുറേ ദിവസങ്ങളായി ആരോടും കൂടുതല്‍ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്നായിരുന്നു രഗിലിന്‍റെ പ്രതീക്ഷ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ തയാറായിരുന്നില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നാലു തവണ രഗില്‍ മാനസയുമായി സംസാരിച്ചിരുന്നുവെന്ന് സുഹത്ത് ആദിത്യന്‍ പറഞ്ഞു. രഗിലിന്‍റെ ബിസിനസ് പങ്കാളി കൂടിയാണ് ആദിത്യന്‍. ആദിത്യനുമൊത്താണ് ഇന്‍റീരിയര്‍ ഡിസൈനിങ് ബിസിനസ് ആണ് നടത്തിയത്. മാനസ അവഗണിച്ചിട്ടും അവന് പിന്തിരിയാന്‍ കഴിഞ്ഞില്ല.
അവളെ മറക്കാന്‍ കഴിയില്ലെന്ന് അവന്‍ പറയുമായിരുന്നു. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്നും പറഞ്ഞു. മാനസ നിരന്തരം അവഗണിച്ചതോടെയാണ് രഗിലിന് പകയായി മാറിയതെന്നും ആദിത്യന്‍ പറയുന്നു.
രഗില്‍ കൊച്ചിയിലേക്ക് പോയത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് വീട്ടുകാരെ തെറ്റിധരിപ്പിച്ചാണ്. തോക്ക് എവിടുന്ന് കിട്ടിയെന്ന് അറിയില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നും രഗിലിന് തന്‍റെ അറിവില്‍ ഇല്ലെന്നും ആദിത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ രഗില്‍ ഉപയോഗിച്ച തോക്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പിസ്റ്റള്‍ കണ്ണൂരില്‍നിന്നാണ് സംഘടിപ്പിച്ചതെന്ന്? അഭ്യൂഹവുമുണ്ട്. സിവിലിയന്‍സിന് ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത 7.62 എം.എം പിസ്റ്റള്‍ എങ്ങനെ ലഭിച്ചു എന്നാണ് അന്വേഷിക്കുന്നത്. ഇതിനായി ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധന നടത്തും.