ആലപ്പുഴ: പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ വീട്ടമ്മയെ കൊന്ന് സെപ്റ്റിടാങ്കില്‍ കുഴിച്ചുമൂടിയെന്ന് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സെപ്റ്റിടാങ്ക് പൊളിച്ച് പരിശോധന തുടങ്ങി .മാവേലിക്കര മാന്നാറില്‍ നിന്ന് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റിക് ടാങ്ക് കുഴിച്ച് പൊലീസ് പരിശോധന ആരംഭിച്ചു.
15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
കല താമസിച്ചിരുന്ന മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ആണ് തുറന്ന് പരിശോധിക്കുന്നത്. നിലവില്‍ ഇവിടെ ഒരു പുതിയ വീട് പണിതിട്ടുണ്ട്. എന്നാല്‍ പഴയ ബാത്ത്റൂം സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെയാണ്. പഴയ ബാത്ത്റൂം പൊളിച്ച് കളയാത്തതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സംശയം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ കൊലപാതകത്തിലേക്ക് സൂചന നല്‍കുന്ന ഊമകത്ത് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.