വിജയവാഡ: ആന്ധ്രപ്രദേശില്‍ പട്ടാപ്പകല്‍ നടുറോഡില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ യുവാവ് കുത്തികൊന്നു. സ്വാതന്ത്ര്യദിനത്തില്‍ ഗുണ്ടൂരിലാണ് സംഭവം.
20കാരിയായ നല്ലെ രമ്യയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 22കാരന്‍ ശശി കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രമ്യയുടെ കഴുത്തിനും വയറിനുമാണ് കുത്തേറ്റത്. ആറു തവണ കുത്തേറ്റ രമ്യ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയാണ് രമ്യ. ശശി കൃഷ്ണ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശേഷം ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടിരുന്നു.
ആറുമാസം മുമ്പ് രമ്യയും ശശി കൃഷ്ണയും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടിരുന്നു. സൗഹൃദം വളര്‍ന്നതോടെ രമ്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് യുവാവ് സംശയിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു.
ഞായറാഴ്ച കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് റോഡിലൂടെ നടന്നുപോകുന്നതിനിടെ ശശി കൃഷ്ണ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
അക്രമ സ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു. രമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതിയെ നരസാരോപേട്ടില്‍നിന്ന് പൊലീസ് പിടികൂടി. അന്വേഷണ സംഘത്തെ കണ്ടതോടെ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കൈ ഞരമ്പ് മുറിച്ച പ്രതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഗുണ്ടൂരിലെത്തിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം രമ്യയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു.