മംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭീതിയില്‍ ജീവനൊടുക്കി ദമ്പതികള്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റിലെ രമേഷ് സുവര്‍ണ (40), ഭാര്യ ഗുണ ആര്‍.സുവര്‍ണ (35) എന്നിവരെയാണ് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് കമ്മിഷണര്‍ക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇവര്‍ തൂങ്ങിമരിച്ചത്. മരണശേഷമുള്ള പരിശോധനയില്‍ ഇവര്‍ക്കു കോവിഡില്ലെന്നു സ്ഥിരീകരിച്ചു.
മരിക്കുന്നതിനു തൊട്ടുമുന്‍പ് മംഗളുരു സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാറിനു വാട്‌സാപ് വഴിയാണ് രമേഷ് ശബ്ദസന്ദേശം അയച്ചത്. തനിക്കും ഭാര്യയ്ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാന്‍ പോകുകയാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
ഭാര്യയ്ക്ക് പ്രമേഹം ഉള്ളതിനാല്‍ ബ്ലാക് ഫംഗസ് ബാധയേയും ഇവര്‍ ഭയന്നിരുന്നു. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ഒരു ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ അന്ത്യകര്‍മങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്വത്തുക്കള്‍ വിറ്റശേഷം പണം അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും നല്‍കണമെന്നും കുറിപ്പിലുണ്ട്.
ആശുപത്രിയില്‍ പോയാല്‍ മരണസമയത്തു പരസ്പരം കാണാന്‍ കഴിയാതെയാകുമെന്ന ചിന്തയാണ് ഇവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണു ശബ്ദസന്ദേശത്തില്‍നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറഞ്ഞു. ഗുണയാണ് ആദ്യം ജീവനൊടുക്കിയത്. താനും മരിക്കുന്നെന്നാണ് ശബ്ദസന്ദേശം അവസാനിക്കുമ്പോള്‍ രമേഷ് പറയുന്നത്.
വിവാഹിതരായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ ദുഃഖം ഇവരെ അലട്ടിയതായാണ് പൊലീസ് നിഗമനം. ഉറക്കഗുളിക കഴിച്ച ശേഷമാണു തൂങ്ങി മരിച്ചത്. ശബ്ദസന്ദേശം ലഭിച്ച കമ്മിഷണര്‍, രമേഷിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് സൂറത്കല്‍ പൊലീസിനെ കമ്മിഷണര്‍ ബന്ധപ്പെട്ടു. പൊലീസെത്തി ഇവരുടെ അപ്പാര്‍ട്‌മെന്റിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു.