കൊച്ചി: നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് രാവിലെ ക്രൈ നന്ദകുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് വിവരം. തന്റെ യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് നന്ദകുമാറിനെതിരായ കേസ്.
ഒരാഴ്ച മുമ്പ് ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്വന്തം യൂട്യൂബ് ചാനലില്‍ ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നെ ക്കുറിച്ച് അപകീര്‍ത്തികരമായ പരമാര്‍ശങ്ങളുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്വേത മേനോന് പരാതി നല്തിയത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.
ശ്വത മേനോന്റെ പരാതിയില്‍ ഐ.ടി ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശ്വേത മേനോന്റെ പരാതിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദേശം തള്ളിയ ക്രൈം നന്ദകുമാര്‍ വീഡീയോ നീക്കം ചെയ്യാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ വീണ്ടും ശ്രമം നടത്തുകയായിരുന്നു.
താടെയാണ് പൊലീസ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇതാദ്യമായല്ല ക്രൈം നന്ദകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതില്‍ കേസെടുക്കുന്നത്. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനും നന്ദകുമാറിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ കേസുകളും നിലവില്‍ തുടരുന്നുണ്ട് എന്നാണ് വിവരം. വീണ ജോര്‍ജിനെതിരെ വ്യാജ ലൈംഗിക വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു കേസ്.
നന്ദകുമാറിന്റെ മുന്‍ ജീവനക്കാരി തന്നെയായിരുന്നു ഇതില്‍ പരാതിക്കാരി. വീണ ജോര്‍ജിന്റെ രൂപ സാദൃശ്യമുള്ള തന്നോട് വ്യാജ വീഡിയോ നിര്‍മിക്കുന്നതിന് നിര്‍ബന്ധിച്ചെന്നും നിഷേധിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. അശ്ലീല വീഡിയോ ഉണ്ടാക്കണമെന്ന നന്ദകുമാറിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന താന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് യുവതി പറഞ്ഞിരുന്നത്.
അതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും താന്‍ ബ്രൗണ്‍ ഷുഗര്‍ വില്‍പ്പനക്കാരിയാണ് എന്നടക്കം പറഞ്ഞ് പ്രചരണം നടത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ ദളിത് വിഭാഗത്തിനെതിരെയുള്ള കുറ്റകൃത്യത്തിനും ക്രൈ നന്ദകുമാറിനെതിരെ കുറ്റം ചുമത്തിയിരുന്നു.