പി.പി ചെറിയാന്‍
അയോവ: സ്പാനിഷ് അധ്യാപികയെ കൊലപ്പെടുത്തിയ കൗമാരപ്രായക്കാരായ രണ്ട് അയോവ സ്വദേശികളായ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറു വയസ്സുകാരായ ഫെയര്‍ഫീല്‍ഡ് ഹൈസ്‌കൂള്‍ അധ്യാപികയായ നൊഹേമ ഗ്രാബറിയെ 6്ര6)കൊലപ്പെടുത്തിയ കേസിലാണ് അധ്യാപികയുടെ സ്പാനിഷ് വിദ്യാര്‍ത്ഥികളായ പതിനാറു വയസ്സുകാരായ ഇവര്‍ അറസ്റ്റിലായത്.
അധ്യാപികയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കകം ഇവരുടെ മൃതദേഹം ഒരു പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ശക്തമായ പ്രഹരത്തെത്തുടര്‍ന്നാണ് അധ്യാപിക കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അധ്യാപികയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു ശേഷം വിദ്യാര്‍ത്ഥികളായ വില്ലാര്‍ഡ് നോബിള്‍ ചെയ്ഡന്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡേല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പൊതിഞ്ഞ് പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഭയാനകമായ കുറ്റകൃത്യം നടത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്നവരായി കണക്കാക്കി കേസെടുക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ഗൂഢാലോചനയ്ക്കുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഗ്രാബറിനെ കൊല്ലാനുള്ള മാര്‍ഗങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും, കുറ്റകൃത്യം മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളിലെ ക്രിമിനല്‍ മൈന്റ് വെളിപ്പെടുത്തുന്നുവെന്ന് പോലീസ് പറഞ്ഞു.
അതേസമയം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് തങ്ങള്‍ ക്ഷമിക്കുകയാണെന്ന് ഗ്രാബറിന്റെ മകന്‍ ക്രിസ്റ്റീന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഞങ്ങളുടെ മാലാഖയെ ഇല്ലാതാക്കിയ ആ കൗമാരക്കാര്‍ക്ക് മാപ്പു നല്‍കുന്നു. അവരോട് ദേഷ്യപ്പെട്ടതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അമ്മയോട് അവര്‍ക്ക് വൈരാഗ്യം തോന്നിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള ജീവിതത്തില്‍ അവര്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയട്ടെ എന്നും ക്രിസ്റ്റീന്‍ കുറിച്ചു.
സഹോദരന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട് ഗ്രാബരിന്റെ മകളും പ്രതികരിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് യഥാര്‍ത്ഥ മാലാഖയെ തന്നെയായിരുന്നു. കണ്ണുകളില്‍ സ്നേഹവും കാരുണ്യവുമുള്ള മാലാഖയെ. ഈ വേദനയില്‍ കൂടെനിന്ന സഹപ്രവര്‍ത്തകര്‍ക്കും സ്നേഹിതര്‍ക്കും തങ്ങള്‍ നന്ദി പറയുന്നതായും അവര്‍ പ്രതികരിച്ചു.
അധ്യാപികയെ കൊല്ലാനിടയായ സാഹചര്യം എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.നവംബര്‍ 12 നു പ്രതികളെ കോടതിയില്‍ ഹാജരാകും ഇരുവര്‍ക്കും ഓരോ മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്