എഡിറ്റോറിയല്‍
സൈമണ്‍ വളാച്ചേരില്‍
ചീഫ് എഡിറ്റര്‍
ലോകത്തെ കശാപ്പു ചെയ്യുന്ന ഭീകരവാദികളുടെ നേര്‍ചിത്രങ്ങള്‍ സമൂഹത്തിലേക്ക് അതിസാഹസികമായി എത്തിച്ച ഡാനിഷ് സിദ്ദിഖി അഫ്ഗാസ്ഥാനില്‍ കൊല്ലപ്പെട്ട വാര്‍ത്ത ലോക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഞെട്ടലാണ്.
നിസ്സഹായരായ മനുഷ്യരുടെ മുഖങ്ങളും ദുതന്താവസ്ഥയും തന്റെ ക്യാമറ ലെന്‍സിലൂടെ ഒപ്പിയെടുത്ത് സമൂഹത്തെ അറിയിക്കാനുള്ള പ്രതിബദ്ധതയോടെ ഇറങ്ങിത്തിരിച്ച ഈ നാല്‍പത്തിയൊന്നുകാരന്റെ ദുരന്തം ലോക മാധ്യമങ്ങള്‍ ഉള്‍ക്കാഴ്ചയോടെ കാണേണ്ടിയിരിക്കുന്നു.
തീവ്രവാദം കത്തിജ്ജ്വലിക്കുന്ന നാട്ടിടങ്ങളിലൂടെ സഞ്ചരിച്ച് അതിന്റെ ഭീകരാവസ്ഥ ലോകത്തെ അറിയിക്കുവാനുള്ള ഡാനിഷിന്റെ ഉദ്യമങ്ങള്‍ ഈ ശാപപ്രസ്ഥാനത്തെ ഇരുള്‍മൂടി ബാധിച്ചതുകൊണ്ടു തന്നെയാണ് അദ്ദേഹം ഉന്മൂലനം ചെട്ടപ്പെട്ടത്.
എന്നാല്‍ ഡാനിഷ് സിദ്ദിഖി പകര്‍ത്തെടുത്ത് നമക്കു മുമ്പില്‍ സമര്‍പ്പിച്ച ചിത്രങ്ങളൊക്കെയും അദ്ദേഹത്തിന്റെ ജീന്മരണ പോരാട്ടങ്ങളുടെയും ആയിരുന്നു. ചുറ്റുപാടുകളുടെ നേര്‍ക്ക് തിരിച്ചുവച്ച ആ ക്യാമറക്കണ്ണിലേക്ക് ഭീകരവാദം തോക്കെടുത്ത് പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തിയപ്പോള്‍ നഷ്ടപ്പെട്ടുപോയത് നേരിന്റെ കാഴ്ചപ്രവര്‍ത്തകനെയായിരുന്നു.
സമൂഹത്തെ ഒന്നാകെ നെഞ്ചിലേറ്റിക്കൊണ്ട് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലോക ചരിത്രത്തില്‍ ദുര്യോഗം മാത്രമേ ഇന്നീ നിമിഷം വരെ ഉണ്ടായിട്ടുള്ളു. നമ്മുടെ ജീവിത പരിസരങ്ങളില്‍ മറഞ്ഞിരിക്കുന്ന നരാധമന്മാരെ കണ്ടെത്തി അതിലേയ്ക്ക് ഒരു ഫ്‌ളാഷ് വീഴുമ്പോള്‍ അത് ലോകത്തിന്റെ ജാഗ്രതയിലെയ്ക്കയച്ച ക്ലിക്കിന്റെ വിരലുകള്‍ പലപ്പോഴും മറഞ്ഞുപോയിരിക്കും.
ലോകയുദ്ധ കാലഘട്ടങ്ങളിലും പ്രകൃതിക്ഷോഭങ്ങളുടെ നടുവിലും മഹാമാരികളുടെ ഇടയിലും നിന്നുകൊണ്ട് ചിത്രങ്ങളും വാര്‍ത്തകളും പകര്‍ത്തി ആ ദുരന്തങ്ങളുടെ നൊമ്പരങ്ങള്‍ ലോകത്തിലേക്ക് പകര്‍ന്ന് കൊടുത്തുകൊണ്ട് സധൈര്യമിരിക്കാന്‍ നമുക്ക് കല്പനകള്‍ തന്ന ചങ്കുറപ്പുള്ളവരുടെ ഗണത്തിലാണ് ‘ഡാഷിങ്’ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി ഫ്രെയിമുകളിട്ടിരിക്കുന്നത്.
ഭീകരവാദം ഒരു ലോകസത്യമായി നിലനില്‍ക്കുന്നു. എല്ലാ രാജ്യാധിപന്മാര്‍ക്കും ഇതിനെ പറ്റി വ്യക്തമായ ധാരണയുമുണ്ട്. അവനവന് സിംഹാസനം ഊട്ടിഉറപ്പിക്കാന്‍ ജനാധിപത്യവും അല്ലാതെയുമുള്ള വോട്ടുപിടിച്ചടക്കലിന്റെ മാര്‍ഗങ്ങള്‍ക്ക് മനുഷ്യന്റെ കണ്ണുകള്‍ തേടി നിര്‍ഭയമായി ഇറങ്ങിയവരുടെ ജീവന് വിലകല്പിക്കാന്‍ നേരമുണ്ടാവുകയില്ല.
അഥവാ ആ നേരങ്ങള്‍ അവരുടെ നേരമ്പോള്‍ക്കു വേണ്ടി അവസരപൂര്‍വം ഒഴിവാക്കപ്പെടുന്നതുമാണ്. ലോകത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാതിരുന്നെങ്കില്‍ തമസ്‌കരിക്കപ്പെട്ടു പോകുമായിരുന്ന വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും കണക്കെടുക്കാനാവില്ല. ആ സ്ഫടികസമാന സത്യത്തിന് മുമ്പില്‍ ഡാനിഷ് സിദ്ദിഖിയുടെ വേര്‍പാടിന് ഒഴുക്കാന്‍ നമുക്ക് കണ്ണീരില്ല.
അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ധൈര്യത്തിനും പകരം വയ്ക്കാന്‍ ഇനിയാര് എന്ന ചോദ്യവും തല്‍ക്കാലം അവശേഷിക്കുന്നു…പക്ഷേ പിന്‍ഗാമികള്‍ അനിവാര്യമാണ്…അത് സംഭവിക്കുകതന്നെ ചെയ്യും…അല്ല, സംഭവിച്ചുകൊണ്ടിരിക്കുന്നു…
സ്വസ്ഥവും സമാധാനപൂര്‍ണവുമായ ജീവിതം ആഗ്രഹിക്കുന്നവരാണ് ശരാശരി മനുഷ്യര്‍. അവിടെ ചിട്ടകളുണ്ട്. ആചാരങ്ങളുണ്ട്. സ്‌നേഹസമീപനങ്ങളുണ്ട്. പിന്നെ പൈതൃകവും, നമ്മെയെല്ലാം കൂട്ടിയിണക്കുന്ന വിശ്വാസവും സ്‌നേഹബന്ധങ്ങളും.
ഈ നീതിസത്യങ്ങളെ കത്തിച്ചെരിച്ചു കളയാന്‍ തൊടുത്തുവിടുന്ന ബുള്ളറ്റുകളെയും ബോംബുകളെയും നേരിടാനും നിര്‍വീര്യമാക്കുവാനും ഉള്ള ശേഷിയും മനുഷ്യന് ജന്‍മനാ ലഭിച്ചിട്ടുണ്ട്. അതില്ലായിരുന്നുവെങ്കില്‍ നമുക്കൊരിക്കലും അച്ഛനെന്നോ അമ്മയെന്നോ മക്കളെന്നോ സുഹൃത്തുക്കള്‍ എന്നോ വേണ്ടപ്പെട്ടവരെന്നോ അഭിവാദ്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നു.
യഥാര്‍ത്ഥ മനുഷ്യനെ തേടിയിറങ്ങിയ ഡാനിഷ് സിദ്ദിഖിയുടെ ജന്മവരങ്ങള്‍ മനസ്സാ സ്വീകരിച്ചുകൊണ്ട് നമുക്ക് അദ്ദേഹത്തിന് ആദരവിന്റെ ആത്മാര്‍പ്പണം നടത്താം…ആ ചിത്രങ്ങളെല്ലാം നമുക്ക് മുന്നിലുണ്ട്…ചിരംജീവ സാന്നിധ്യമായി ഡാനിഷും…