യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി വിശ്വാസികള്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിക്കുന്നു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് കടക്കുന്നത്.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്.
യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.

യേശുവിന്റെ ജറുസലേമിലേക്കുള്ള വിജയകരമായ പ്രവേശനത്തെ അനുസ്മരിക്കുന്ന സംഭവത്തില്‍ നിന്നാണ് ഓശാന ഞായറാഴ്ചയുടെ തുടക്കം. ജനക്കൂട്ടം ഈശോയെ ഈന്തപ്പനയുടെ ഇലകളാല്‍ സ്വീകരിച്ചു (യോഹ. 12:13). ‘പാഷന്‍ സണ്‍ഡേ’ എന്നും ഈ ദിവസം അറിയപ്പെടുന്നു.
ഓശാന ഞായറാഴ്ച വലിയ ജനപങ്കാളിത്തത്തോടെ വിശുദ്ധ കുര്‍ബാനക്കു മുമ്പ് പ്രദക്ഷിണം നടത്താറുണ്ട്. ശനിയാഴ്ചയോ, ഞായറാഴ്ചയോ ഇത് ചെയ്യാം. പുരാതനകാലം മുതല്‍ക്കേ, കര്‍ത്താവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനം ഒരു ഘോഷയാത്രയോടെയാണ് അനുസ്മരിക്കുന്നത്. അന്നത്തെ ഹെബ്രായ കുട്ടികള്‍ കര്‍ത്താവിനെ കാണാന്‍ പുറപ്പെട്ടപ്പോള്‍ അവര്‍ക്കുണ്ടായ അതേ ആനന്ദത്തോടെ ‘ഹോസാന’ പാടി പ്രദക്ഷിണം നടത്തിവരുന്നു.
ഓശാന ഞായറാഴ്ചയോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തില്‍ ഈന്തപ്പനയോല മാത്രമേ ഉപയോഗിക്കാവൂ എന്നില്ല. ഒലിവ്, വില്ലോ, ഫിര്‍ തുടങ്ങിയ മരങ്ങളുടേയോ അല്ലെങ്കില്‍ മറ്റ് മരങ്ങളുടേയോ ചില്ലകളോ വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ കൂടുതലായി തെങ്ങിന്റെ ഇളം ഓലകളാണ് ഉപയോഗിക്കുന്നത്. ഭക്താഭ്യാസം, ആരാധനക്രമം എന്നിവയെക്കുറിച്ചുള്ള ഡയറക്ടറിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”വിശ്വാസികള്‍ അവരുടെ വീടുകളിലോ, ജോലി സ്ഥലത്തോ ഒക്കെ ആശീര്‍വദിച്ച ഈ ഇലകള്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു.”
പഴയ കാലത്തെ രാജാക്കന്മാര്‍ തങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള പ്രത്യേക രീതിയും മാര്‍ഗ്ഗവും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടായിരുന്നു. ഈശോയും ജറുസലേമിലേക്ക് പ്രവേശിക്കാനായി അതുവരെയും ആരും ഉപയോഗിക്കാത്ത ഒരു മൃഗത്തെ (കഴുതയെ) ഉപയോഗിക്കുന്നത്, ആ രാജകീയ അവകാശത്തിന്റെ സൂചകമാണ് എന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ, ”നസ്രത്തിലെ യേശു: ജറുസലേമിലേക്കുള്ള പ്രവേശനം മുതല്‍ പുനരുത്ഥാനം വരെ” എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ജനക്കൂട്ടം തങ്ങളുടെ മേലങ്കികള്‍ നിലത്തു വയ്ക്കുകയും യേശു അതിന്റെമേല്‍ നടക്കുകയും ചെയ്യുന്നത് ‘ഇസ്രായേല്‍ രാജപാരമ്പര്യത്തില്‍പെട്ടതാണ്’ (2 രാജാക്കന്മാര്‍ 9:13) എന്നും ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ ജനക്കൂട്ടവും ശിഷ്യന്മാരും ചെയ്യുന്നത് ‘ദാവീദിന്റെ രാജപാരമ്പര്യ’ത്തിനനുസൃതമായ പ്രവര്‍ത്തിയാണ്.
യേശുവിനെയും ശിഷ്യന്മാരെയും അനുഗമിക്കുന്ന ആളുകള്‍ തങ്ങളുടെ വികാരങ്ങള്‍ ‘ഹോസാന’ വിളികളിലൂടെ പ്രകടിപ്പിക്കുന്നു. ഘോഷയാത്രയുടെ പ്രവേശന നിമിഷത്തിലെ സന്തോഷകരമായ ദൈവസ്തുതി, മിശിഹായുടെ നാഴിക വന്നിരിക്കുന്നു എന്ന ആളുകളുടെ പ്രത്യാശയുടെ പ്രകടനമാണ്.