ദൈനംദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്ന് രക്ഷപ്പെടാനും ചുറ്റുമുള്ള ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനും ഈ ദ്വീപ് നിങ്ങളെ ക്ഷണിക്കുന്നു. സ്‌കോട്ട്‌ലന്‍ഡിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വിദൂരവും ജനവാസമില്ലാത്തതുമായ ദ്വീപായ ബാര്‍ലോകോ 190,000 ഡോളറിന് (ഏകദേശം 1.5 കോടി) വില്‍പ്പനയ്ക്കെത്തിയിരിക്കുന്നു.
ശൈത്യകാലത്ത് കന്നുകാലികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വെള്ളം വിതരണം ചെയ്യുന്ന കുളവും കാല്‍നടയായി എത്തിച്ചേരാവുന്ന ഒരു പെബിള്‍ ബീച്ചും ഇവിടെയുണ്ട്.
25 ഏക്കറോളം വിസ്തൃതിയുള്ള ഈ ദ്വീപ് പച്ചപ്പുല്ലും പാറക്കെട്ടുകളും നിറഞ്ഞ കടലിലേക്ക് വ്യാപിച്ചുകിടക്കുന്നു. കടല്‍പ്പക്ഷികളുടെ സാന്നിദ്ധ്യവും ഇവിടെ കൂടുതലാണ്. ഏറ്റവും അടുത്തുള്ള ടൗണ്‍ ഏകദേശം ആറ് മൈല്‍ അകലെയാണ്. റോഡ് മാര്‍ഗം അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുക്കും. ലണ്ടനും എഡിന്‍ബര്‍ഗും യഥാക്രമം 350, 100 മൈലുകള്‍ അകലെയാണ്. ദ്വീപുമായി ബന്ധപ്പെട്ട് നിലവിലുള്ളതോ ചരിത്രപരമോ ആയ വിവരങ്ങളൊന്നും ലഭ്യമല്ല.
അപൂര്‍വയിനം ജന്തു-സസ്യജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബാര്‍ലോകോ ദ്വീപ്. റോക്ക് സീ ലാവെന്‍ഡര്‍, സുഗന്ധമുള്ള ഓര്‍ക്കിഡ് തുടങ്ങിയ അപൂര്‍വ സസ്യങ്ങളും ഈ ദ്വീപില്‍ ഉള്‍പ്പെടുന്നു.