ന്യൂഡല്‍ഹി : 6 വര്‍ഷത്തിനിടെ കേരളത്തില്‍ 25 രാജ്യദ്രോഹ കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. ഒരെണ്ണത്തില്‍പോലും കുറ്റപത്രം നല്‍കിയിട്ടില്ല. ആരെയും ശിക്ഷിച്ചിട്ടുമില്ല. 2014 നും 2019നും ഇടയില്‍ രാജ്യത്തു റജിസ്റ്റര്‍ ചെയ്തത് 326 കേസുകള്‍.
ഇതില്‍ ആകെ ശിക്ഷിക്കപ്പെട്ടത് 6 പേര്‍ മാത്രം. ബ്രിട്ടിഷ് വാഴ്ചയുടെ കാലത്തു കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതായി കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
രാജ്യത്ത് 326 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ 141 എണ്ണത്തില്‍ കുറ്റപത്രം നല്‍കിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ രേഖകള്‍ പറയുന്നു. 2020 ലെ കേസുവിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞിട്ടില്ല.
അതേസമയം, മേഘാലയ, മിസോറം, ത്രിപുര, സിക്കിം, ആന്‍ഡമാന്‍, ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഡ്, ദാമന്‍ ഡ്യു, ദാദ്ര ഹവേലി നഗര്‍ എന്നിവിടങ്ങളില്‍ ഈ കാലയളവില്‍ ഒറ്റ രാജ്യദ്രോഹ കേസ് പോലും ഇല്ല.
ഏറ്റവും കൂടുതല്‍ കേസുകള്‍ അസമിലാണ്; 54. ഇതില്‍ 26 എണ്ണത്തില്‍ കുറ്റപത്രം നല്‍കി, 25ല്‍ വിചാരണ പൂര്‍ത്തിയായി. എന്നാല്‍ ഒറ്റ കേസിലും ആരെയും ശിക്ഷിച്ചിട്ടില്ല.
ജാര്‍ഖണ്ഡിലെ 40 കേസുകളില്‍ കുറ്റപത്രം നല്‍കിയത് 29 എണ്ണത്തില്‍. വിചാരണ പൂര്‍ത്തിയായത് 16. ഒരാള്‍ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. കര്‍ണാടകയില്‍ 22 കേസുകള്‍. കുറ്റപത്രം നല്‍കിയത് 17. വിചാരണ പൂര്‍ത്തിയായത് ഒരു കേസില്‍. ആരെയും ശിക്ഷിച്ചിട്ടില്ല. മറ്റുള്ളവ: ഹരിയാന–31, ബിഹാര്‍–25, ജമ്മു കശ്മീര്‍–25, യുപി–17, ബംഗാള്‍–8, ഡല്‍ഹി–4.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പു പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച ഹര്‍ജികള്‍ പരിശോധിക്കാമെന്ന് ഈ മാസം 15ന് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.