ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗസസ് ഉപയോഗിച്ച് തന്റെ ഫോണില്‍നിന്നു സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി അല്‍ ജസീറ ചാനലിലെ മാധ്യമപ്രവര്‍ത്തകയും ലബനന്‍ സ്വദേശിയുമായ ഗാദ ഉവൈസ് ആരോപിച്ചു.
സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയുടെ സുഹൃത്ത് കൂടിയാണ് ഗാദ. ഇസ്തംബുളില്‍ കൊല്ലപ്പെട്ട ഖഷോഗിയെ നിരീക്ഷിക്കാന്‍ പെഗസസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭര്‍ത്താവുമൊത്ത് അത്താഴം കഴിക്കുന്നതിനിടെയാണ് ട്വിറ്റര്‍ നോക്കാന്‍ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത്. ബിക്കിനി ധരിച്ചെടുത്ത തന്റെ സ്വകാര്യ ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതാണ് കണ്ടത്. ബോസിന്റെ ഓഫിസില്‍ നിന്നെടുത്ത ചിത്രമെന്ന പേരിലാണ് ഇത് പ്രചരിക്കപ്പെട്ടത്.
അപമാനിക്കുന്ന തരത്തിലുള്ള ആയിരക്കണക്കിന് ട്വീറ്റുകളും മെസേജുകളും വന്നു. ഇതില്‍ മിക്കതും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകളില്‍ നിന്നായിരുന്നുവെന്ന് ഗാദ ഉവൈസ് അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഖഷോഗി കൊല്ലപ്പെട്ടത് മുഹമ്മദ് ബിന്‍ സല്‍മാന്റെ അറിവോടെയെന്ന് യുഎസ് റിപ്പോര്‍ട്ടുണ്ട്.
ഈ വിഷയത്തില്‍ നിയമ പോരാട്ടത്തിലാണ് ഗാദ ഉവൈസ്. ഫൊറന്‍സിക് പരിശോധനയില്‍ ഫോണില്‍ പെഗസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
ന്മ ‘ഓണ്‍ലൈനിലെ അതിക്രമങ്ങള്‍ പതിവായിരുന്നെങ്കിലും ഇതു വ്യത്യസ്തമാണ്. ആരോ നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ കിടപ്പുമുറിയില്‍, നിങ്ങളുടെ ബാത്ത്‌റൂമില്‍ കയറിയതു പോലെയായിരുന്നു. കടുത്ത മാനസികസംഘര്‍ഷമാണ് അനുഭവിച്ചത്.’ – ഗാദ ഉവൈസ്