ജനീവ: ഏതാണ് മുപ്പത് വര്‍ഷത്തിനുള്ളില്‍ (2050ഓടെ) ലോകമെമ്പാടും 500 കോടിയിലധികം പേര്‍ ജലക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്രസഭ (യു.എന്‍.) മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയുള്‍പ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങള്‍ വര്‍ധിക്കുമെന്നും ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യു.എം.ഒ.). തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
2018ല്‍ 360 കോടി പേര്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നു. 2050ഓടെ ഇതു 500 കോടി കടക്കുമെന്നാണ് ‘ദ സ്‌റ്റേറ്റ് ഓഫ് ക്ലൈമറ്റ് സര്‍വീസസ് 2021: വാട്ടര്‍’ എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
“ചൂടു കൂടുന്നത് ആഗോളതലത്തില്‍ വര്‍ഷകാലങ്ങളില്‍ മാറ്റമുണ്ടാക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയെയും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുന്നു”. ഡബ്ല്യു.എം.ഒ. സെക്രട്ടറി ജനറല്‍ പ്രൊഫ. പീറ്റെരി താലസ് പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് പ്രതിവര്‍ഷം ഒരു സെന്‍റി മീറ്റര്‍ എന്ന തോതില്‍ കുറയുന്നുണ്ട്. അന്റാര്‍ട്ടിക്കയിലും ഗ്രീന്‍ലന്‍ഡിലുമാണ് ഏറ്റവും കുറയുന്നത്. 2000ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളില്‍ 137 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വരള്‍ച്ചയുടെ എണ്ണത്തിലും കാലയളവിലും 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
വെള്ളപ്പൊക്കങ്ങളും ഇതു കാരണമുണ്ടായ സാമ്പത്തിക നഷ്ടവും കൂടുതല്‍ ഏഷ്യയിലാണ്. വരള്‍ച്ച കാരണമുണ്ടായ മരണങ്ങള്‍ ഏറ്റവും കൂടുതലുണ്ടായത് ആഫ്രിക്കയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.