സൂറിക്: മലയാളികള്‍ക്കാകെ അഭിമാനമായി ചങ്ങനാശേരി സ്വദേശിയുടെ നിയമനം. ഓസ്ട്രിയന്‍ ചാന്‍സലറുടെ പ്രസ് സെക്രട്ടറിയായാണ് ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ (29) നിയമിതനായത്. ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പ്രമുഖ പദവികളില്‍ പ്രവര്‍ത്തിച്ചുവരവെയാണ് ഓസ്ട്രിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഷാലന്‍ ബെര്‍ഗിന്റെ വക്താവായും, മിഡിയാ വിഭാഗം തലവനായും ഷില്‍ട്ടന്റെ നിയമനം.
ചങ്ങനാശേരിയിലെ പാലത്തുങ്കല്‍ കുടുംബാംഗമായ ഷില്‍ട്ടന്‍ ജനിച്ചതും വളര്‍ന്നതും വിയന്നയിലാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്കൂള്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാന്‍സലറായിരുന്ന സെബാസ്റ്റിയന്‍ കുര്‍സ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലന്‍ ബെര്‍ഗ് പ്രധാനമന്ത്രി പദവിയിലെത്തുന്നത്.
അഴിമതി ആരോപണങ്ങളില്‍ മുഖം നഷ്ടമായ ചാന്‍സലര്‍ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കാന്‍ ഉദ്ദേശിച്ചാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷില്‍ട്ടനെ കൊണ്ടുവരുന്നത്.