ലക്‌സംബര്‍ഗ്: ലക്‌സംബര്‍ഗില്‍ കഞ്ചാവ് വളര്‍ത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു രാജ്യം വിനോദ ഉപയോഗത്തിനായി കഞ്ചാവ് കൃഷി ചെയ്യുന്നത് കുറ്റകരമല്ലാതാക്കിയിരിക്കുന്നത്.
കാബിനറ്റ് അവതരിപ്പിച്ച പുതിയ നിയമപ്രകാരം, 18 വയസും അതില്‍ കൂടുതലുമുള്ള താമസക്കാര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി നാല് ചെടികള്‍ വരെ വളര്‍ത്താനും പൊതുസ്ഥലത്ത് മൂന്ന് ഗ്രാം കഞ്ചാവ് കൈയ്യില്‍ വെയ്ക്കാനും അനുവദിക്കും.
പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ രാജ്യത്ത് കഞ്ചാവ് വളര്‍ത്താന്‍ അനുവാദം നല്‍കുമെന്ന് 2018 ല്‍ പറഞ്ഞിരുന്നു. കഞ്ചാവ് കൈവശം വയ്ക്കുന്നതിനുള്ള പിഴ ഗണ്യമായി കുറയ്ക്കുകയും നിരോധിച്ചിരിക്കുന്ന പൊതു ഇടങ്ങളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. കഞ്ചാവിന്റെ സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാ ഹൈഡ്രോകണ്ണാബിനോളിന്റെ അളവ് നിയന്ത്രിക്കുന്നത് അവസാനിക്കും. പുതിയ നിയമനിര്‍മ്മാണം ലക്‌സംബര്‍ഗിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പാര്‍ലമെന്റില്‍ വോട്ട് ചെയത് പാസാക്കേണ്ടതുണ്ട്. രാജ്യത്തെ ജനസംഖ്യ 2020 ലെ കണക്കനുസരിച്ച് ആറു ലക്ഷത്തി അന്‍പതിനായിരത്തോളം വരും. കഞ്ചാവിന്റെ വളര്‍ച്ചയും വിതരണവും നിയമവിധേയമാക്കുന്നതില്‍ ലക്‌സംബര്‍ഗ് ഇപ്പോള്‍ കാനഡ, ഉറുഗ്വേ, യുഎസ് ലെ 11 സംസ്ഥാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.