വടകര : കേരളത്തിന്റെ ഹൃദയത്തിലൊരു നോവായി പതിഞ്ഞ ടിപിയെന്ന ഓര്‍മയ്ക്ക് ഇന്ന് 10 വയസ്സ്. ഒഞ്ചിയത്തു നിന്നു വടകരയിലേക്കുള്ള യാത്രയില്‍ വള്ളിക്കാട് അങ്ങാടിയില്‍ വച്ച് 2012 മേയ് നാലിനു രാത്രിയിലാണ് ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
ഉരുക്കുകോട്ടയായിരുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എം.പി. രൂപവത്കരിച്ചശേഷം ഇതുവരെ വിജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ടി.പി.യുടെ കൊലപാതകത്തില്‍ നിന്നുകൊണ്ടുതന്നെ ശക്തമായ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍.എം.പി.ക്ക് സാധിച്ചെന്ന് സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ടി.പി.യുടെ വധത്തിനുശേഷമാണ് ദേശീയപാര്‍ട്ടി രൂപവത്കരിക്കാനുള്ള ശ്രമം തുടങ്ങിയത്. 2017-ല്‍ പഞ്ചാബില്‍ ദേശീയപാര്‍ട്ടി പ്രഖ്യാപനം നടത്തി. ഇതിനുശേഷമാണ് ആര്‍.എം.പി.ഐ. ആയത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നേട്ടമുണ്ടാക്കാനായി. ഒഞ്ചിയം പഞ്ചായത്ത് തുടര്‍ച്ചയായ മൂന്നാം തവണയും ഭരിക്കുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി ചേര്‍ന്ന് ഏറാമല പഞ്ചായത്തിലെ ഭരണവും പിടിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച് കെ.കെ. രമ വടകര മണ്ഡലം പിടിച്ചു.
ആര്‍.എം.പി.ഐ.ക്ക് നിലവില്‍ നാല് സഹകരണ സ്ഥാപനങ്ങളുമുണ്ട്. ഓര്‍ക്കാട്ടേരിയില്‍ ടി.പി. ഭവന്‍ നിര്‍മിച്ച് പാര്‍ട്ടിക്ക് ആസ്ഥാനമുണ്ടാക്കി. ടി.പി. വെട്ടേറ്റുവീണ വള്ളിക്കാട് സ്മൃതികുടീരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ടി.പി.യുടെ പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റും പ്രവര്‍ത്തിക്കുന്നു.
വെട്ടേറ്റു വീണ സ്ഥലത്ത് ടിപിക്കായി സ്മൃതി മന്ദിരം നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ആര്‍എംപി. അവിടെ സ്ഥാപിക്കാനുള്ള പൂര്‍ണകായ പ്രതിമയുടെ നിര്‍മാണം കാസര്‍കോട്ടു നടക്കുകയാണ്. ടിപിയെ വെട്ടിവീഴ്ത്തിയ കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാടി ജയിച്ച് വടകരയുടെ എംഎല്‍എയാണ് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ഇപ്പോള്‍.
രക്തസാക്ഷി സ്മരണയുടെ ഭാഗമായുള്ള അനുസ്മരണം ഇന്ന് ഓര്‍ക്കാട്ടേരിയില്‍ നടക്കും. ഒഞ്ചിയം ഏരിയയിലെ 100 പാര്‍ട്ടി ബ്രാഞ്ചുകളില്‍ പ്രഭാതഭേരി ഉയരും.