റെഡ് മീറ്റിന്റെ അമിത ഉപയോഗം ഫാറ്റി ലിവര്‍ രോഗമുണ്ടാക്കുമെന്ന് പഠനം. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിക്കാം. ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് പതിവായി കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെയും ഹാര്‍വഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
രണ്ട് ദശാബ്ദക്കാലമായി 78,000 ഓളം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ആഴ്ചയില്‍ ഒരു തവണയോ അതില്‍ താഴെയോ റെഡ് മീറ്റ് കഴിക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ തവണ കഴിക്കുന്നവരെ അപേക്ഷിച്ച് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ദിവസവും പലതവണ റെഡ് മീറ്റ് അകത്താക്കുന്നവര്‍ക്ക് ഫാറ്റി ലിവറിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവര്‍ പറയുന്നു.
സംസ്‌കരിച്ചതും സംസ്‌കരിക്കാത്തതുമായ റെഡ് മീറ്റ് ഒരേ ഫലമാണ് ഫാറ്റി ലിവറിനെ സംബന്ധിച്ച് ഉണ്ടാക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം സംസ്‌കരിച്ച ഭക്ഷണം പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും മറ്റ് മാറാ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നതിനാല്‍ അവ കഴിവതും ഒഴിക്കണമെന്ന് ഡയറ്റീഷന്മാര്‍ നിര്‍ദ്ദേശിക്കുന്നു.
കൂടുതല്‍ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റെഡ് മീറ്റിന് പുറമേ റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ്‌സും പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണവും കുറയ്ക്കണമെന്നും ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെ രജിസ്റ്റേഡ് ഡയറ്റീഷ്യന്‍ ക്രിസ്റ്റിന്‍ കിര്‍ക്പാട്രിക് പറയുന്നു. വല്ലപ്പോഴും കഴിക്കുന്ന ഒന്നായി റെഡ് മീറ്റ് മാറണമെന്നും ക്രിസ്റ്റിന്‍ ശുപാര്‍ശ ചെയ്യുന്നു.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതയും അധികമാണെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ് കിഡ്‌നി സ്റ്റഡീസ് ചൂണ്ടികാട്ടുന്നു. പലപ്പോഴും ഫാറ്റി ലിവര്‍ തുടക്കത്തില്‍ തിരിച്ചറിയപ്പെടാറില്ല. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രകടമാകുക. ക്ഷീണം അടിവയറ്റില്‍ വേദന, തലചുറ്റല്‍, അസ്ഥ്വസ്ഥത, ഭാരക്കുറവ് പോലെ ചില ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെടാം. അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് തുടങ്ങിയവയിലൂടെ ഫാറ്റി ലിവര്‍ രോഗനിര്‍ണയം നടത്താം.