ചാലക്കുടി: അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഡിഎംഒയുടെ ഉത്തരവ്.
പാര്‍ക്കില്‍ വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പനിയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നീന്തല്‍ക്കുളങ്ങള്‍ അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.
എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പനി, കണ്ണില്‍ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. എറണാകുളം പനങ്ങാട് സ്കൂളില്‍ നിന്ന് ഉല്ലാസയാത്രയില്‍ പങ്കെടുത്ത കുട്ടികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. പനങ്ങാട് സ്കൂളിലെ ഒരേ പ്രായത്തിലുള്ള 25 ലധികം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയതായാണ് സൂചന. കഴിഞ്ഞ മാസം അവസാനം വിദ്യാര്‍ത്ഥികള്‍ വിനോദ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. പനങ്ങാട് സ്കൂളില്‍ നിന്ന് അഞ്ച് ബസുകളിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.
മറ്റ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളും നടത്തിയ സന്ദര്‍ശനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പാര്‍ക്ക് സന്ദര്‍ശിച്ച വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതായി സ്കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചു. ജില്ലയില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം പാര്‍ക്ക് പരിശോധിച്ച ശേഷമാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.