ശരീരഭാരം കുറയ്ക്കാനായി സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. എന്നാൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 91% വർധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഹ്രസ്വകാലത്തേക്ക് കുറച്ച് അധികം ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണ സാധ്യത വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു.
പഠനം ഇതുവരെ അവലോകനം ചെയ്യപ്പെടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. ചൈനയിലെ ഷാങ്ഹായിലെ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ യുഎസിലെ ഏകദേശം 20,000 പേരിലാണ് പഠനം നടത്തിയത്. 8 മണിക്കൂർ സമയ നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത 91% കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.
സമയനിയന്ത്രിതമായ ഭക്ഷണവും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് തന്റെ ഗവേഷണം കണ്ടെത്തിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ വിക്‌ടർ സോങ്ങ് പറയുന്നു. പ്രതിദിനം എട്ട് മണിക്കൂറിൽ താഴെയായി ഭക്ഷണം പരിമിതപ്പെടുത്തിയ ആളുകൾക്ക് 12 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കുന്നവരേക്കാൾ മെലിഞ്ഞ പേശികളുടെ അളവ് കുറവാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു.
എന്നാൽ, സ്വയം വെളിപ്പെടുത്തിയ ഭക്ഷണക്രമ വിവരങ്ങളെ ആശ്രയിക്കുന്നതാണ് പഠനത്തിന്റെ പരിമിതികളിൽ ഒന്ന്. ഈ വിവരങ്ങൾ പങ്കാളിയുടെ ഓർമ്മയെ ആശ്രയിച്ചിരിക്കും. സാധാരണ ഭക്ഷണരീതികൾ കൃത്യമായി വിലയിരുത്തിയേക്കണമെന്നുമില്ല.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഹ്രസ്വകാല ആഘാതത്തെക്കുറിച്ച് നിരവധി പഠനങ്ങൾ ലഭ്യമാണെങ്കിലും, AHA കോൺഫറൻസിൽ അവതരിപ്പിച്ചത് അതിന്റെ ദീർഘകാല ആഘാതം വിലയിരുത്തുന്ന പഠനങ്ങളിൽ ആദ്യത്തേതാണെന്നും ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. അശോക് സേത്ത് പറഞ്ഞു.