ന്യൂഡല്‍ഹി: വാക്‌സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നു യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫൗചി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ വാക്‌സീന്‍ മാര്‍ഗനിര്‍ദേശം പുതുക്കിയതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. വാക്‌സീന്‍ ഇടവേള കൂട്ടുന്നത് കൂടുതല്‍ പേര്‍ക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാന്‍ ഇടയാക്കുമെന്നു ഡോ. ഫൗചി പറഞ്ഞു. അതേസമയം വാക്‌സീന്‍ ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം നേരിടാന്‍ വാക്‌സിനേഷന്‍ സത്വരമാക്കുകയാണ് വേണ്ടത്. ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണം. കോവിഡ് പോരാട്ടത്തിന്റെ മുഖ്യആയുധം വാക്‌സീന്‍ ആണെന്നും ഡോ. ഫൗചി പറഞ്ഞു.
എംആര്‍എന്‍എ വൈറസുകളായ ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിനിടയാക്കും. അത് നമ്മള്‍ യുകെയില്‍ കണ്ടതാണ്. ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി. അതുകൊണ്ടു തന്നെ മുന്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്നും ഫൗചി പറഞ്ഞു. കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള 68 ആഴ്ചയില്‍നിന്ന് 1216 ആഴ്ചയായി നീട്ടിയതു വിവാദമായിരുന്നു.