കോവിഡ്- 19 ന്റെ വ്യത്യസ്ത വാക്‌സീനുകള്‍ മിക്‌സ് ചെയ്താല്‍ കൂടുതല്‍ നല്ലതെന്ന് പുതിയ പഠനങ്ങള്‍. അതായത് ആദ്യ ഡോസ് ഒരു വാക്‌സീനും രണ്ടാമത്തേത് മറ്റൊരു വാക്‌സീനുമെടുത്താല്‍ കുഴപ്പമില്ലെന്നു മാത്രമല്ല കൂടുതല്‍ പ്രതിരോധശേഷിയും ഉണ്ടാകുമെന്നുമാണ് പഠനത്തില്‍ വെളിവാകുന്നത്.
അടുത്തിടെ നടന്ന മൂന്ന് പഠനങ്ങള്‍ കൃത്യമായി ഇതിലേക്ക് തന്നെ വിരല്‍ചൂണ്ടുന്നു. മൂന്നു പഠനങ്ങളും ദൂഷ്യവശങ്ങള്‍ കുറവെന്നു കാണിക്കുന്നുവെന്ന് മാത്രമല്ല അതിലെ രണ്ട് പഠനങ്ങളും കൂടുതല്‍ മികച്ച പ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്നുള്ളത് വളരെ ആശാവഹമാണ്.
സ്പാനിഷ് പഠനത്തില്‍ 448 പേരില്‍ ആദ്യം ആസ്ട്രാ സെനക്ക വാക്സീനും രണ്ടാമത് ഫൈസറും നല്‍കിയ പഠനം മികച്ച പ്രതിരോധ ശേഷി കാണിച്ചു.
ബെര്‍ലിന്‍ പഠനത്തില്‍ ഏതാണ്ട് എഴുപതോളം ആരോഗ്യപ്രവര്‍ത്തകരെ സമാന പഠനത്തിനു വിധേയമാക്കി. മറ്റൊരു ജര്‍മന്‍ പഠനവും വളരെ ആശാവഹമായ പ്രതിരോധശേഷിയാണ് കണ്ടെത്തിയത്.
ആന്റിബോഡി പ്രവര്‍ത്തനത്തോടൊപ്പം ടി-സെല്‍ പ്രവര്‍ത്തനവും രോഗപ്രതിരോധ ശേഷി കൂട്ടുവാന്‍ ഉപകരിച്ചു. സ്‌പെയിന്‍, ജര്‍മനി, കാനഡ, ഫ്രാന്‍സ്, നോര്‍വേ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ രണ്ടാം ഡോസ് മറ്റു വാക്‌സീന്‍ നല്‍കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.
വാക്‌സിനേഷന്‍ പ്രക്രിയയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ ഈ തീരുമാനം സഹായിക്കുകതന്നെ ചെയ്യും. കൂടുതല്‍ പഠനങ്ങള്‍ ഈ കാര്യത്തില്‍ ആവശ്യമാണെന്നുള്ളതിനു സംശയമില്ല .