അഞ്ചാംപനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ എടുക്കുന്ന എംഎംആര്‍ വാക്‌സീന്‍ കുട്ടികള്‍ക്ക് കോവിഡില്‍ നിന്ന് ഒരളവുവരെ സംരക്ഷണം നല്‍കുമെന്ന് പൂണെയിലെ ഗവേഷകര്‍ കണ്ടെത്തി. ഈ വാക്സീന്‍ സാര്‍സ് കോവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രദമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.
അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്‌ക്കെതിരെ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സീനാണ് എംഎംആര്‍. 9 മുതല്‍ 12 മാസത്തിനിടെ പ്രായത്തില്‍ ആദ്യ ഡോസും 16 നും 24 മാസത്തിനുമിടയില്‍ രണ്ടാം ഡോസും നല്‍കുന്നു. സാര്‍സ് കോവ് 2 വൈറസിന്റെ അമിനോ ആസിഡ് സീക്വന്‍സ് റുബെല്ല വൈറസിന് സമാനമായതിനാലാണ് പഠനത്തിനായി എംഎംആര്‍ വാക്‌സീന്‍ തിരഞ്ഞെടുത്തത്. കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീന് അഞ്ചാംപനി വൈറസിന്റെ ഹെമഗ്‌ളൂട്ടിണിന്‍ പ്രോട്ടീനുമായും സമാനതകളുണ്ട്.
1നും 17നും ഇടയില്‍ പ്രായമുള്ള 548 പേരിലാണ് പഠനം നടത്തിയത്. കോവിഡ് പോസിറ്റീവായവരും അല്ലാത്തവരും എന്നിങ്ങനെ ഈ സംഘത്തെ രണ്ടായി തിരിച്ചു. എംഎംആര്‍ വാക്സീന്‍ എടുത്തവര്‍ക്ക് കോവിഡ് വന്നാലും ലക്ഷണങ്ങള്‍ അത്ര തീവ്രമായിരിക്കില്ലെന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശിശുരോഗ വിദഗ്ധന്‍ ഡോ. നിലേഷ് ഗുജര്‍ പറഞ്ഞു.
കോവിഡ് ആദ്യ തരംഗത്തില്‍ 4 ശതമാനം കുട്ടികള്‍ മാത്രമാണ് ബാധിക്കപ്പെട്ടത്. രണ്ടാം തരംഗത്തില്‍ ഇത് 10 -15 ശതമാനമായി ഉയര്‍ന്നു. ഇതാണ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ കൂടുതലായി ബാധിക്കപ്പെടുമോ എന്ന ആശങ്കയ്ക്ക് വഴിവച്ചത്.