Sunday, September 8, 2024

HomeHealth and Beautyഫൈസര്‍, മൊഡേണ വാക്‌സീനെടുത്തവരില്‍ അപൂര്‍വമായി ഹൃദയഭിത്തിക്ക് നീര്‍ക്കെട്ടുകളെന്നു പഠനം

ഫൈസര്‍, മൊഡേണ വാക്‌സീനെടുത്തവരില്‍ അപൂര്‍വമായി ഹൃദയഭിത്തിക്ക് നീര്‍ക്കെട്ടുകളെന്നു പഠനം

spot_img
spot_img

ഫൈസര്‍, മൊഡേണ തുടങ്ങിയ എം-ആര്‍എന്‍എ വാക്സീന്‍ എടുത്തവരില്‍ അപൂര്‍വമായി ഹൃദയത്തിന് നീര്‍ക്കെട്ട് ഉണ്ടാകാറുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലഘുവായ തോതിലുള്ള ഇത്തരം പാര്‍ശ്വഫലങ്ങള്‍ കൂടുതലും യുവാക്കളിലാണ് കണ്ടു വരുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ വാക്സീന്റെ ഗുണഫലങ്ങള്‍ ഇത്തരം അപകടസാധ്യതകളെ കവച്ച് വയ്ക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ വാക്സീന്‍ സുരക്ഷാ ഉപദേശക സമിതി പറഞ്ഞു.

ഹൃദയ പേശികള്‍ക്ക് നീര്‍ക്കെട്ട് ഉണ്ടാകുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയഭിത്തികള്‍ക്ക് ചുറ്റുമുള്ള പാളിക്ക് നീര്‍ക്കെട്ട് ഉണ്ടാക്കുന്ന പെരികാര്‍ഡൈറ്റിസ് എന്നിവയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ എം-ആര്‍എന്‍എ വാക്സീന്‍ എടുത്ത ചിലരില്‍ ഉണ്ടായത്. രണ്ടാം ഡോസ് വാക്സീന്‍ എടുത്ത് 14 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ പാര്‍ശ്വഫലങ്ങള്‍ കാണപ്പെട്ടതെന്നും ഡബ്യുഎച്ച്ഒ പ്രസ്താവനയില്‍ പറയുന്നു.

തീവ്രമല്ലാത്ത ഹൃദയത്തിലെ ഈ നീര്‍ക്കെട്ട് വിശ്രമം കൊണ്ടും സ്റ്റിറോയ്ഡ് ഇതര ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്ന് കൊണ്ടും പരിഹാരിക്കാവുന്നതേയുള്ളൂ എന്നും സമിതി ചൂണ്ടിക്കാട്ടി. വാക്സീന്‍ അനുബന്ധ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള യുഎസ് വാക്സീന്‍ അഡ്വേര്‍സ് ഇവന്റ്സ് റിപ്പോര്‍ട്ടിങ്ങ് സിസ്റ്റത്തിന്റെ കണക്കുകള്‍ അനുസരിച്ച് പുരുഷന്മാരില്‍ 10 ലക്ഷം ഡോസുകളില്‍ 40.6 കേസുകളിലാണ് മയോകാര്‍ഡൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സ്ത്രീകളില്‍ പത്ത് ലക്ഷം ഡോസുകളില്‍ 4.2 കേസുകളും. വാക്സീന്‍ എടുത്ത 12നും 29നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ പാര്‍ശ്വഫലം പ്രധാനമായും കാണപ്പെട്ടത്. 30 വയസ്സിന് മുകളിലുള്ള പുരുഷന്മാരില്‍ 10 ലക്ഷം ഡോസുകളില്‍ 2.4 കേസുകളും സ്ത്രീകളില്‍ 10 ലക്ഷം ഡോസുകളില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വാക്സീന്‍ എടുത്തവര്‍ നെഞ്ച് വേദന, ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പില്‍ വ്യതിയാനം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനടി ഡോക്ടറെ കാണണമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പറയുന്നു. എംആര്‍എന്‍എ പ്ലാറ്റ്ഫോം ഉപയോഗിക്കാത്ത ഓക്സ്ഫഡ്, ജാന്‍സന്‍ തുടങ്ങിയവയുടെ വാക്സീനുകളില്‍ ഈ പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments