മദ്യപാനം കാന്‍സര്‍ സാധ്യത കൂട്ടുമെന്നു പഠനം. 2020 ലെ കാന്‍സര്‍ കേസുകളില്‍ നാലു ശതമാനം മദ്യപാനം മൂലമാണെന്ന് ലാന്‍സെറ്റ് ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 7,41,300 പേര്‍ക്കാണ് 2020 ല്‍ മദ്യപാന ശീലം മൂലം കാന്‍സര്‍ ബാധിച്ചത്.
ഇവരില്‍ 5,68,000 പേര്‍ പുരുഷന്മാരും 1,72,600 പേര്‍ സ്ത്രീകളും ആയിരുന്നു. 20002020 കാലഘട്ടത്തിലെ കാന്‍സര്‍ കേസുകളില്‍ 39.4 ശതമാനത്തിനും മദ്യപാനം മൂലമാണ് രോഗം ബാധിച്ചത്. ദിവസം 20 മുതല്‍ 60 ഗ്രാം വരെ അതായത് 2 മുതല്‍ 6 വരെ ഡ്രിങ്ക്‌സ് കഴിച്ചവര്‍ക്കാണ് കാന്‍സര്‍ ബാധിച്ചത്.
മിതമായ അളവില്‍ അതായത് ദിവസം രണ്ട് ഡ്രിങ്ക്‌സ് (20 ഗ്രാമോ അതില്‍ കുറവോ) വരെ കഴിച്ചവരില്‍ ഏഴില്‍ ഒരാള്‍ക്ക് വീതം കാന്‍സര്‍ ബാധിച്ചു.
ദിവസം 30 മുതല്‍ 50 ഗ്രാം വരെ മദ്യം ഉപയോഗിച്ച പുരുഷന്മാരിലും 10 മുതല്‍ 30 ഗ്രാം വരെ മദ്യം ഉപയോഗിച്ച സ്ത്രീകളിലും ആയിരുന്നു കൂടുതലും കാന്‍സര്‍ ബാധിച്ചത്. മദ്യപാനം കാന്‍സര്‍ സാധ്യത കൂട്ടും എന്നതിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കേണ്ടതുണ്ട്.
മദ്യം കഴിക്കുമ്പോള്‍, ശരീരം അതിനെ വിഘടിപ്പിച്ച് അസെറ്റാല്‍ഡിഹൈഡ് എന്ന രാസവസ്തു ആക്കുന്നു. ഇത് ഡിഎന്‍എ യെ തകരാറിലാക്കുകയും, ഈ തകരാര്‍ പരിഹരിക്കുന്നതില്‍ നിന്നും ശരീരത്തെ തടയുകയും ചെയ്യുന്നു.
ഒരു കോശത്തിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കുന്നത് ഡിഎന്‍എ ആണ്. ഡിഎന്‍എ യ്ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ കോശം അനിയന്ത്രിതമായി വളരാന്‍ തുടങ്ങുകയും കാന്‍സര്‍ ട്യൂമര്‍ ഉണ്ടാകുകയും ചെയ്യും.
മദ്യപിക്കുന്നത് വായ, തൊണ്ട, ലാരിങ്‌സ്, ഈസോഫാഗസ്, മലാശയം, മലദ്വാരം, കരള്‍, സ്തനം എന്നിവിടങ്ങളിലെ കാന്‍സറിനുള്ള സാധ്യത കൂട്ടുന്നു. എല്ലാത്തരം മദ്യവും രോഗസാധ്യത കൂട്ടും എന്നതിനാല്‍ മിതമായ അളവില്‍ മാത്രമേ മദ്യം ഉപയോഗിക്കാവൂ. ദിവസം ഒന്നോ രണ്ടോ ഡ്രിങ്ക്‌സിലധികം കുടിക്കരുത്.
അമിതമായ മദ്യോപയോഗം കാന്‍സര്‍ സാധ്യത മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യതയും കൂട്ടും. കൂടാതെ പ്രതിരോധ സംവിധാനം ദുര്‍ബലമാക്കാനും, വിഷാദം, ഉത്കണ്ഠ, ഓര്‍മശക്തിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും മദ്യപാനം കാരണമാകും.