കേരളത്തിലെ കോവിഡ് വ്യാപനത്തിന് പുതിയ ജനിതക വ്യതിയാനങ്ങളൊന്നും കാരണമല്ലെന്ന് പരിശോധനാ ഫലം. അതേസമയം സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കോവിഡ് ഡെല്‍റ്റ വൈറസിന്റെ ഉപവകഭേദം കൂടുന്നതായി കണ്ടെത്തി.
ഈ വകഭേദം വാക്‌സീനെ മറികടക്കില്ലെന്ന പഠനങ്ങള്‍ ആശ്വാസമാണ്. രോഗ സ്ഥിരീകരണ നിരക്ക് കുതിച്ചു കയറുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല.
കോവിഡ് വൈറസിന്റെ മറ്റേതെങ്കിലും വകഭേദങ്ങളാണോ കേരളത്തിലെ രോഗവ്യാപനം രൂക്ഷമാക്കിയതെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 909 സാംപിളുകള്‍ പരിശോധിച്ചതില്‍ പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റെഗ്രേറ്റീവ് ബയോളജിയിലെ പഠനത്തിലാണ് വിവരങ്ങളുള്ളത്.
424 സാംപിളുകളില്‍ ഡെല്‍റ്റ വൈറസിന്റെ നേരത്തെ കണ്ടെത്തിയിട്ടുള്ള ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്. ഇതില്‍ എ വൈ 1 എന്ന ഉപവകഭേദം എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി കണ്ടെത്തിയത്. ജൂണില്‍ അര ശതമാനവും ജൂലൈയില്‍ ഒരു ശതമാനവും മാത്രമായിരുന്ന എ വൈ 1 ന്റെ സാന്നിധ്യം ഓഗസ്റ്റില്‍ ആറു ശതമാനമായി ഉയര്‍ന്നു.
ഈ വകഭേദത്തിന്റെ അഞ്ചു ശതമാനത്തിലേറെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത് കേരളത്തില്‍ മാത്രമാണ്. ഇത് ഇപ്പോഴുള്ള ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്ന് തെളിഞ്ഞിട്ടില്ല. വാക്‌സീന്‍ നല്‍കുന്ന പ്രതിരോധ ശേഷിയെ എ വൈ .1 മറികടക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനഫലമെന്നതും പ്രതീക്ഷയാണ്.