തിരുവനന്തപുരം: കേരളത്തില്‍ ഒന്നിലേറെ തവണ കോവിഡ് ബാധിക്കുന്നവരുടെ തോത് ആറു മടങ്ങ് കുറഞ്ഞതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ 4631 പേര്‍ക്കാണ് ഒന്നിലേറെ പ്രാവശ്യം കോവിഡ് ബാധിച്ചത്. ഇതില്‍ 2097 പേര്‍ ആദ്യം പോസിറ്റീവ് ആയതു കഴിഞ്ഞവര്‍ഷമാണ്.
2534 പേര്‍ രണ്ടു തവണ പോസിറ്റീവ് ആയതും ഈ വര്‍ഷമാണ്. കോവിഡ് ബാധിതരുടെ എണ്ണം 5.38 ലക്ഷത്തില്‍നിന്ന് 40.33 ലക്ഷമായി വര്‍ധിച്ചെങ്കിലും വീണ്ടും പോസിറ്റീവ് ആകുന്നവരുടെ എണ്ണം ആനുപാതികമായി വര്‍ധിക്കുകയല്ല, കുറയുകയാണു ചെയ്തത്.
വീണ്ടും പോസിറ്റീവായവര്‍ കൂടുതലുള്ളതു മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലാണ്. കൂടുതലും 20–30 പ്രായക്കാരാണ്. വാക്‌സിനേഷനിലെ കാലതാമസവും വര്‍ധിച്ച സമ്പര്‍ക്കവുമാണു കാരണങ്ങളായി കരുതുന്നത്. ആദ്യം വൈറസ് ബാധിച്ച് 100– 150 ദിവസത്തിനുള്ളിലാണു കൂടുതല്‍പേരും വീണ്ടും പോസിറ്റീവായതെന്നും മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗത്തില്‍ ആരോഗ്യ വകുപ്പ് അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നു.
ഒരാളില്‍നിന്ന് എത്ര പേരിലേക്കു വൈറസ് ബാധിക്കുന്നുവെന്നതിന്റെ സൂചകമായ റീപ്രൊഡക്ഷന്‍ ഫാക്ടര്‍ (ആര്‍ ഘടകം) 0.94 ആയി കുറഞ്ഞു. ആര്‍ ഘടകം ഒന്നിനു താഴെയാകുന്നതു കോവിഡ് കുറയുന്നതിന്റെ സൂചനയാണ്. ഇപ്പോള്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ആര്‍ ഘടകം ഒന്നിനു മുകളിലുള്ളത്.
കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരില്‍ 52.7% പേരും വാക്‌സീന്‍ സ്വീകരിക്കാത്തവരാണ്. 27.6% പേര്‍ ഒരു ഡോസ് എടുത്തവരാണ്. 13.1% മാത്രമാണു 2 ഡോസും സ്വീകരിച്ചവര്‍. കോവിഡ് ബാധിച്ചുമരിച്ചവരില്‍ 57.6 % പേരും വാക്‌സീന്‍ എടുക്കാത്തവരാണ്. ഒരു ഡോസ് എടുത്തവര്‍ 26.3 %; രണ്ടു ഡോസും എടുത്തവര്‍ 7.9 %.
കേരളത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 99% പേര്‍ക്കും ആദ്യ ഡോസ് ലഭിച്ചു. ഈ വിഭാഗത്തിലെ 58.54 ലക്ഷം പേരില്‍ 58.07 ലക്ഷം പേര്‍ക്കും ആദ്യ ഡോസ് നല്‍കി. ഏകദേശം 47,000 പേരാണു ശേഷിക്കുന്നത്. രണ്ടാം ഡോസ് ലഭിച്ചവര്‍ 39.08 ലക്ഷം – 67 %. 45 വയസ്സിനു മുകളില്‍ പ്രായമുള്ള 1.29 കോടി പേരില്‍ 1.24 കോടി പേര്‍ക്കും (96%) ആദ്യ ഡോസ് ലഭിച്ചു. 74.41 ലക്ഷം പേര്‍ക്ക് (58 %) രണ്ടാം ഡോസും ലഭിച്ചുകഴിഞ്ഞു.