വാഷിങ്ടണ്‍ ഡി.സി: യു.എസില്‍ നാലുപേരില്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നുള്ള ദുരൂഹമായ അസുഖം റിപ്പോര്‍ട്ടു ചെയ്യുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് കാരണം ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം ആണെന്ന് ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി).
യു.എസിലെ ജോര്‍ജിയ, കന്‍സാസ്, ടെക്‌സസ്, മിന്നെസോട്ട എന്നിവിടങ്ങളിലാണ് ഒരു വര്‍ഷത്തിനിടെ നാല് പേരില്‍ ‘ബര്‍കോള്‍ഡേരിയ സ്യൂഡോമല്ലൈ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന ‘മെലിയോയിഡോസിസ്’ എന്ന അസുഖം കണ്ടെത്തിയത്. ഇവരില്‍ രണ്ട് പേര്‍ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ നിര്‍മിതമായ ‘ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ് ലാവെന്‍ഡര്‍ ആന്‍ഡ് ചമോമൈല്‍ എസന്‍ഷ്യല്‍ ഓയില്‍ ഇന്‍ഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്‌പ്രേ വിത്ത് ജെംസ്റ്റോണ്‍സ്’ എന്ന് ലേബല്‍ ചെയ്ത പെര്‍ഫ്യൂമില്‍ ഇതേ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സി.ഡി.സി പറയുന്നു.
ജോര്‍ജിയയില്‍ അസുഖബാധിതനായ വ്യക്തിയുടെ വീട്ടില്‍ നിന്ന് ഈ പെര്‍ഫ്യൂം കണ്ടെത്തിയിരുന്നു. പെര്‍ഫ്യൂമില്‍ രോഗിയില്‍ കാണപ്പെട്ട അതേ ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. മറ്റുള്ളവരിലും ഇതേ ബാക്ടീരിയയാണോ എന്ന സ്ഥിരീകരണത്തിന് കൂടുതല്‍ ജനിതക പരിശോധന നടത്തുകയാണെന്ന് സി.ഡി.സി പറഞ്ഞു.
ദക്ഷിണേഷ്യയില്‍ കൂടുതലായി കാണപ്പെടുന്നതാണ് രോഗികളില്‍ സ്ഥിരീകരിച്ച ബാക്ടീരിയ. എന്നാല്‍, രോഗികളാരും അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നില്ല.
വാള്‍മാര്‍ട്ടിന്റെ 55 കടകള്‍ വഴി ഈ പെര്‍ഫ്യൂം വിറ്റിരുന്നു. സി.ഡി.സിയുടെ കണ്ടെത്തലോടെ വാള്‍മാര്‍ട്ട് ഈ പെര്‍ഫ്യൂമും ഇതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും പിന്‍വലിച്ചതായി വെബ്‌സൈറ്റിലൂടെ അറിയിച്ചു. വിറ്റ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പെര്‍ഫ്യൂം വീടുകളില്‍ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും കുപ്പി രണ്ട് കവറുകളില്‍ മൂടി കാര്‍ഡ്‌ബോഡ് പെട്ടിക്കുള്ളിലാക്കി തിരികെ നല്‍കണമെന്നും സി.ഡി.സി മുന്നറിയിപ്പ് നല്‍കി.
ജോര്‍ജിയയിലെ രോഗിയാണ് ഈ ഉല്‍പ്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത്. മറ്റിടങ്ങളിലെ രോഗികളും ഇത് ഉപയോഗിച്ചിരുന്നോവെന്നത് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏജന്‍സി.