കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ സാധ്യത മൂന്ന് മടങ്ങ് അധികമെന്ന് ഒരു സംഘം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലെ ഡിഎസ്ഐ-എന്‍ആര്‍എഫ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ എപ്പിഡമോളജിക്കല്‍ മോഡലിങ്ങിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്.
മുന്‍ അണുബാധകളില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവ് ഒമിക്രോണിന് കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. നവംബര്‍ 21നാണ് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞര്‍ ഒമിക്രോണ്‍ എന്ന ആ.1.1.529 വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു ശേഷം ദക്ഷിണാഫ്രിക്കയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും രാജ്യം നാലാം കോവിഡ് തരംഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
പ്രതിരോധ ശേഷിയില്‍ നിന്ന് രക്ഷപ്പെടാനുള്ള കഴിവ് വൈറസ് ഇത്തരത്തില്‍ വര്‍ധിപ്പിച്ചു കൊണ്ടിരുന്നാല്‍ ഗവണ്‍മെന്റുകള്‍ക്ക് ഭാവിയിലെ തരംഗ സാധ്യതകളെ പ്രവചിക്കാന്‍ സാധിക്കാതെ വരുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കാരണം മുന്‍പ് അണുബാധ ഉണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് കൈവന്ന പ്രതിരോധ ശക്തിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം കണക്കുകൂട്ടലുകള്‍ നടത്തുന്നത്.
ഈ ഘട്ടത്തില്‍ ഒമിക്രോണ്‍ അണുബാധയുടെ തീവ്രതയെ പറ്റി ഒന്നും പറയാനാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം വാക്സീനുകള്‍ മുന്‍ വകഭേദങ്ങള്‍ക്കെതിരെ പ്രകടിപ്പിച്ച കാര്യക്ഷമത ഒമിക്രോണിനെതിരെയും ഉണ്ടാകുമെന്നുള്ള പഠനറിപ്പോര്‍ട്ട് പ്രതീക്ഷ പകരുന്നു.