കോവിഡ് ബാധിതരായ രോഗികളില്‍ വാക്‌സീന്‍ കുത്തിവയ്ക്കുന്നത് രോഗസൗഖ്യം വേഗത്തിലാക്കുന്നതായി പഠന റിപ്പോര്‍ട്ട്. യുകെയിലെ ബര്‍മിങ്ങാം സര്‍വകലാശാല, ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. കോവിഡ് രോഗികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തിയിരുന്നില്ല.
നിശ്ചിതകാലയളവിന് ശേഷമായിരുന്നു വാക്‌സിനേഷന്‍ നടത്തിയിരുന്നത്. ഫൈസര്‍ ബയോണ്‍ടെക്കിന്റെ എംആര്‍എന്‍എ വാക്‌സീനാണ് രോഗികള്‍ക്ക് നല്‍കിയത്. രോഗികളില്‍ വാക്‌സീന്‍ നല്‍കുന്നതിലൂടെ രോഗപ്രതിരോധ ശേഷി പൂര്‍ണമായും വീണ്ടെടുക്കുവാന്‍ കഴിയുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍. വീണ്ടും രോഗം വരുന്നതിനുള്ള സാധ്യത കുറയുന്നവെന്ന് മാത്രമല്ല, മറ്റ് രോഗങ്ങള്‍ പിടിപെടില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്യൂആര്‍ഐയില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയായ രോഗികളില്‍ വാക്‌സിനേഷന്‍ നടത്തിയതിനു ശേഷമായിരുന്നു പഠനം. 2021 ജൂണ്‍ മുതല്‍ 2022 മേയ് വരെയുള്ള കാലയളവിലെ രോഗികളിലാണ് വാക്‌സിനേഷന്‍ പരീക്ഷിച്ചത്. 24 മണിക്കൂര്‍, 48 മണിക്കൂര്‍, ഏഴ് ദിവസം എന്നിങ്ങനെ വാക്‌സിനേഷന്‍ നല്‍കിയവരെ നിരീക്ഷിച്ചു. വാക്‌സിനോടുള്ള പ്രതിപ്രവര്‍ത്തനവും പൂര്‍ണമായും നിരീക്ഷിച്ചു.