ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ , സൂക്ഷിച്ചില്ലെങ്കിൽ പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.
എട്ട് മണിക്കൂറോ അതിലധികമോ ഓഫീസ് ജോലിയിലേര്‍പ്പെടുന്നവരില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണെന്നാണ് ഒരു പഠന റിപ്പോര്‍ട്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കാണത്രേ ഇവരില്‍ സാധ്യതകളേറെ.
ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്- പെകിംഗ് യൂണിയന്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നത്
മണിക്കൂറുകളോളം ഓഫീസ് ജോലി ചെയ്യുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും 20 ശതമാനം അധിക സാധ്യതയെന്നാണ്.
11 വര്‍ഷം നീണ്ട പഠനമായിരുന്നു ഇത്. 21 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം ഓഫീസ് ജോലിക്കാരെ ഉള്‍ക്കൊള്ളിച്ചായിരുന്നു പഠനം. ഇവരില്‍ 6,200 പേര്‍ പഠനം അവസാനിച്ചപ്പോഴേക്ക് മരിച്ചു. 2,300 പേര്‍ക്ക് ഹൃദയാഘാതം സംഭവിച്ചു. 3000 പേര്‍ക്ക് പക്ഷാഘാതമുണ്ടായി. 700 പേരുടെ ഹൃദയം തകരാറിലായി.
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ജോലിക്കിടെ നിര്‍ബന്ധമായും ചെറിയ ഇടവേളകള്‍ എടുത്തിരിക്കണം. ചെറിയ നടത്തം, സ്റ്റെപ്പുകള്‍ കയറിയിറങ്ങല്‍, സ്ട്രെച്ചിംഗ് എല്ലാം ജോലിക്കിടെ തന്നെ ചെയ്യാം. ഇതിന് പുറമെ വ്യായാമവും വേണം.
മാത്രമല്ല, ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ക്രമേണ ശരീരത്തിന്‍റെ ഘടന മാറുന്ന പ്രശ്നം, നടുവേദന, അമിതവണ്ണം, ബിപി, പ്രമേഹം, കൊളസ്ട്രോള്‍, വാതരോഗം, അമിതവണ്ണം എന്നിങ്ങനെ പല വിഷമതകളും വരാം. വ്യായാമവും നല്ലൊരു ജീവിതരീതിയും ഇത്തരം പ്രശ്നങ്ങളെ വലിയൊരു ശതമാനം വരെ അകറ്റിനിര്‍ത്താന്‍ സഹായകമാണ്.